നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന നീക്കത്തിന് ഒരു പരിധിയുണ്ട്.ആ ഘട്ടത്തിലെത്തിയെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇന്ത്യയ്ക്കു ചർച്ച ചെയ്യാൻ സാധ്യമായ ഏതൊരു രാജ്യത്തെയുംപോലെയല്ല യെമന്റെ കാര്യം. ഇന്ത്യയ്ക്ക് ഈ രാജ്യത്ത് ഒരു എംബസിയില്ല.
നിമിഷപ്രിയയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായ്ക്കു പകരം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്പാകെ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി "സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്സിൽ’എന്ന സംഘടനയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
ബ്ലഡ് മണി സംബന്ധിച്ച കാര്യം ഇരയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും അവർ അത് അംഗീകരിച്ചാൽ മോചനം സാധ്യമാകുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സാന്പത്തികസഹായം ഹർജിക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആർ. വെങ്കിട്ടരമണി അറിയിച്ചു.
വധശിക്ഷ താത്കാലികമായി നിർത്തിവയ്ക്കാൻ കഴിയുമോയെന്നു കണ്ടെത്താൻ സർക്കാർ ബന്ധപ്പെട്ട യമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തെഴുതിയതായും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു. നിലവിലെ പരിധിക്കപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.
സംഭവിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും യുവതിക്കു ജീവൻ നഷ്ടപ്പെട്ടാൽ ദുഃഖകരമാണെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ വധശിക്ഷ നിർത്തിവയ്ക്കാൻ പറയുന്ന തരത്തിൽ ഒരു ഉത്തരവ് കോടതിക്കു പുറപ്പെടുവിക്കാൻ സാധിക്കില്ല. അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ ആരാണത് അനുസരിക്കുകയെന്നും കോടതി ചോദിച്ചു.
വിഷയത്തിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതമായ സാഹചര്യമാണെന്നു ബോധ്യമായ കോടതി പുതിയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.