വൈദികരെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലം; ബിജെപി എംഎൽഎയുടെ ആഹ്വാനത്തിൽ പ്രതിഷേധം
Sunday, July 13, 2025 2:46 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎൽഎയ്ക്കെതിരേ വന്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍.
ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരേയാണ് വെള്ളിയാഴ്ച മഹാരാഷ്ട്രയിലുടനീളമുള്ള ആയിരക്കണക്കിന് ക്രൈസ്തവര്‍ മുംബൈയിലെ ആസാദ് മൈതാനിയിൽ ഒത്തുകൂടിയത്.
സകൽ ക്രിസ്റ്റി സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഇരുപതിലധികം ക്രൈസ്തവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു ക്രൈസ്തവരുടെ പ്രതിഷേധം.
കത്തോലിക്കാവൈദികർക്കും പാസ്റ്റർമാർക്കുമെതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്തും പ്രതിഫലം വാഗ്ദാനം ചെയ്തുമുള്ള ജാട്ട് നിയോജക മണ്ഡലം എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വര്‍ഗീയ പരാമര്‍ശമുള്ള വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
മതപരിവർത്തനത്തിന് നേതൃത്വം നല്കുന്ന വൈദികര്‍ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഗോപിചന്ദിന്റെ വര്‍ഗീയ പ്രസംഗം.
പദൽക്കറുടെ രാജിയാവശ്യപ്പെട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും ജില്ലകളിലും സമാനമായ ധർണകളും പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.
സംസ്ഥാനത്തു മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്നും അനധികൃത പള്ളികൾ പൊളിച്ചുനീക്കുമെന്നും കഴിഞ്ഞദിവസം നിയമസഭയിൽ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെ വ്യക്തമാക്കിയിരുന്നു.