മാരൻ സഹോദരന്മാരുടെ തർക്കം തീർക്കാൻ സ്റ്റാലിന് ഇടപെടുന്നു
Friday, July 11, 2025 2:50 AM IST
ചെന്നൈ: മാരൻ സഹോദരന്മാരുടെ തർക്കംതീർക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടൽ.
ഡിഎംകെ എംപി ദയാനിധി മാരനും അദ്ദേഹത്തിന്റെ മൂത്ത സഹോദരനും സൺ ടിവി നെറ്റ്വർക് ചെയർമാനുമായ കലാനിധി മാരനും തമ്മിലുള്ള തർക്കത്തിലാണ് സ്റ്റാലിൻ ഇടപെട്ടിരിക്കുന്നത്. ഇരുവരും തർക്കം രമ്യമായി പരിഹരിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
സൺ ടിവി നെറ്റ്വർക്കിന്റെ ഓഹരികൾ സംബന്ധിച്ചാണ് സഹോദരന്മാർക്കിടയിലെ തർക്കം. കുടുംബത്തിന്റെ താത്പര്യങ്ങൾമാനിച്ച് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സ്റ്റാലിൻ സഹോദരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
2003ൽ നടന്ന സൺ ടിവി നെറ്റ്വർക്കിന്റെ ഓഹരി ഇടപാടുകളെ എതിർത്ത് ദയാനിധി തന്റെ മൂത്ത സഹോദരൻ കലാനിധി മാരനും ഭാര്യ കാവേരിയും ഉൾപ്പെടെ എട്ട് പേർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.