കോയന്പത്തൂർ സ്ഫോടന പരന്പരക്കേസിലെ മുഖ്യപ്രതി ടെയ്ലർ രാജ പിടിയിൽ
Friday, July 11, 2025 2:50 AM IST
കോയന്പത്തൂർ: കോയന്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ടെയ്ലർ രാജ എന്ന സാദിഖ് രാജ 29 വർഷത്തിനുശേഷം തമിഴ്നാട് പോലീസിന്റെ പിടിയിൽ. കർണാടകയിൽനിന്നു പിടികൂടിയ അന്പതുകാരനായ രാജയെ കോയന്പത്തൂരിൽ എത്തിച്ച് അഞ്ചാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 24 വരെ റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിലുണ്ടായ സാമുദായിക കലാപക്കേസുകളിലും സാദിഖ് പ്രതിയാണ്. 1996ലെ നാഗോറിലുണ്ടായ സയീത വധക്കേസിലും 1997ലെ ജയിലർ ജയപ്രകാശ് വധക്കേസിലും സാദിഖ് പ്രതിയായിരുന്നു. കോയന്പത്തൂർ സ്വദേശിയാണ് സാദിഖ്. രാജ, ടെയ്ലർ രാജ, വളർന്ത രാജ, ഷാജഹാൻ അബ്ദുൾ മജീദ് മകന്ദർ, ഷാജഹാൻ ഷേഖ് എന്നീ പേരുകളിലും സാദിഖ് അറിയപ്പെട്ടിരുന്നു.
1998ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോയന്പത്തൂരിലെത്തിയ ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അൽഉമ്മ എന്ന ഭീകരസംഘടന കോയന്പത്തൂരിൽ 18 ഇടങ്ങളിൽ ബോംബ് സ്ഫോടനപരന്പര നടത്തിയ കേസിലെ മുഖ്യപ്രതിയാണു രാജ.
1998 ഫെബ്രുവരി 14നു നടന്ന സ്ഫോടന പരന്പരയിൽ 58 പേർ കൊല്ലപ്പെടുകയും 250 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഈ സ്ഫോടനക്കേസിൽ പിടിയിലായ അൽഉമ്മ ഭീകരസംഘടന നേതാവ് ബാഷയെയും മറ്റുള്ളവരെയും കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ പ്രധാന പ്രതിയായ ടെയ് ലർ രാജ എന്ന സാദിഖ് 29 വർഷമായി ഒളിവിലായിരുന്നു.
തമിഴനാട് ആന്റി ടൈറ്റിസ്റ്റ് സ്ക്വാഡും കോയന്പത്തൂർ സിറ്റി പോലീസും ചേർന്ന് കർണാടകയിലെ വിജയപുരയിൽനിന്ന് ബുധനാഴ്ചയാണ് രാജയെ അറസ്റ്റ് ചെയ്തതെന്ന് തമിഴനാട് പോലീസ് അറിയിച്ചു.
ഏതാനും ആഴ്ച മുന്പ് കൊടും കുറ്റവാളി അബൂബക്കർ സിദ്ദിഖിനെയും മുഹമ്മദ് അലി യൂനസിനെയും ആന്ധ്രപ്രദേശിൽനിന്ന് എടിഎസും കോയന്പത്തൂർ സിറ്റി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
29 വർഷമായി ഒളിവിലായിരുന്ന സാദിഖിനെ കനത്ത സുരക്ഷയിലാണു കോയന്പത്തൂരിൽ എത്തിച്ചത്. കോയന്പത്തൂർ നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.