മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര; ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുമാറ്റുമെന്നും റവന്യു മന്ത്രി
Saturday, July 12, 2025 2:48 AM IST
മുംബൈ: കർശനമായ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തു നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുവെന്ന ചില എംഎൽഎമാരുടെ ആരോപണത്തിനു മറുപടിയായി കഴിഞ്ഞദിവസം നിയമസഭയിൽ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് ഇക്കാര്യം അറിയിച്ചത്.
ധുലെ, നന്ദർബാർ ജില്ലകളിലെ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് എംഎൽഎ അനുപ് അഗര്വാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിർമാണങ്ങളെക്കുറിച്ച് ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. അന്വേഷണം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിലെ കാലതാമസത്തിൽ എംഎൽഎ അതുൽ ഭട്ഖൽകർ ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതുപോലുള്ള കർശനമായ മതപരിവർത്തന നിരോധന നിയമം സംസ്ഥാനം എപ്പോഴാണ് കൊണ്ടുവരുന്നതെന്ന് ഭട്ഖൽകർ ചോദിച്ചു.
അനധികൃത നിർമാണങ്ങൾ ഉടനടി പൊളിച്ചുമാറ്റുമെന്നും ശക്തമായ മതപരിവർത്തന നിരോധന നിയമം തയാറാക്കുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ചർച്ച നടത്തുമെന്നും ബവൻകുലെ മറുപടി നൽകി.
ധുലെ, നന്ദർബാർ ജില്ലകളിൽ മാത്രമല്ല സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും നിർബന്ധിച്ചും സ്വാധീനിച്ചുമുള്ള മതംമാറ്റം നടക്കുന്നുണ്ടെന്ന് സഞ്ജയ് കുട്ടെ എംഎൽഎ സഭയിൽ ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഗോത്ര വികസന വകുപ്പ് സംസ്ഥാനവ്യാപകമായി ശേഖരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഗോത്ര വികസന മന്ത്രി അശോക് ഉയ്കെ നിയമസഭയിൽ ഉറപ്പു നൽകി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനങ്ങൾ സംബന്ധിച്ച് വകുപ്പ് സമഗ്രമായ സർവേ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം 1,515 സംഘടനകൾക്ക് വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അവയിൽ ചിലത് പള്ളി നിർമാണത്തിനായി ഉപയോഗിച്ചതായും എംഎൽഎ സുധീർ മുൻഗന്തിവാർ ആരോപിച്ചു.
സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമെന്നു ബോംബെ അതിരൂപത
മുംബൈ: മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്നും പുനഃപരിശോധിക്കണമെന്നും ബോംബെ അതിരൂപത. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ് മതസ്വാതന്ത്ര്യം.
സ്വമേധയാ ഉള്ള ആത്മീയ തെരഞ്ഞെടുപ്പുകളെ കുറ്റകരമാക്കുന്ന നിയമം ഈ ഭരണഘടനാ ഉറപ്പിനെ ലംഘിക്കുന്നുവെന്നും അതിരൂപത ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഏതൊരു നിയമനിർമാണവും ഭരണഘടനാ ചട്ടക്കൂടിനെതിരേയുള്ള നീക്കമായേ കാണാനാകൂവെന്നും അതിരൂപത വ്യക്തമാക്കി.