ഡൽഹിയിൽ നേരിയ ഭൂചലനം
Friday, July 11, 2025 2:50 AM IST
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെയും സമീപപ്രദേശങ്ങളെയും പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. ഇന്നലെ രാവിലെ 9.04നാണ് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഝജ്ജാറാണ് പ്രഭവകേന്ദ്രം.
ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും പുറത്തേക്ക് ഓടി. ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിക്കു പുറമെ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി.
ഭൂചലനങ്ങൾ സ്ഥിരമായുണ്ടാകുന്ന ഡൽഹിയെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) തീവ്രമായ ഭൂചലനങ്ങളുണ്ടാകുന്ന സോണ്‍ നാലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 17ന് സൗത്ത് ഡൽഹി പ്രഭവകേന്ദ്രമായി 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.