ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധന; ആധാർ, റേഷൻകാർഡ്, വോട്ടർ കാർഡ് തിരിച്ചറിയൽ രേഖകളാക്കാം
Friday, July 11, 2025 2:50 AM IST
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന (എസ്ഐആർ) തുടരാൻ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതിയുടെ അനുമതി.
ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചുകൊണ്ടുമാണ് സുപ്രീംകോടതി വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്.
എന്നാൽ, സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.
ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്.
തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്പുമാത്രം വോട്ടർപട്ടികയുടെ പുനഃപരിശോധന നടത്തുന്നതിനെ ഹർജികൾ പരിശോധിച്ച ജസ്റ്റീസുമാരായ സുധാൻശു ധൂലിയയും ജോയ്മല്യ ബാഗ്ചിയും ചോദ്യം ചെയ്തു.
വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് ആശങ്കയുണർത്തുന്നുവെന്നും, പുനഃപരിശോധനയ്ക്കു കീഴിൽ പൗരത്വം പരിശോധിക്കണമെന്നുണ്ടെങ്കിൽ അതു നേരത്തേയാകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനായി നൽകേണ്ട 11 തിരിച്ചറിയൽ കാർഡുകളിൽ ആധാർ ഉൾപ്പെടുത്താത്തതിനെതിരേയും ശക്തമായ വാദ-പ്രതിവാദങ്ങൾ നടന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് വോട്ടവകാശമുള്ളതെന്നും ആധാർ പൗരത്വത്തിന്റെ സാധുവായ തെളിവല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വാദിച്ചു. എന്നാൽ ജനങ്ങളുടെ പൗരത്വത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന് യാതൊരു പങ്കുമില്ലെന്നും പൗരത്വം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി.
ആധാർ ഉൾപ്പെടെയുള്ള രേഖകൾ അംഗീകരിക്കുന്നില്ലെങ്കിൽ മറുപടി ഉൾപ്പെടെ നൽകിയുള്ള എതിർ സത്യവാങ്മൂലം നൽകാൻ 21 വരെ തെരഞ്ഞെടുപ്പു കമ്മീഷന് സമയം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് ബിഹാറിലെ കരട് വോട്ടർപട്ടിക പുറത്തുവരുന്നതിനാൽ ഈ മാസം 28നാണ് വിഷയം വീണ്ടും പരിഗണിക്കുക.