തെലുങ്കാന മദ്യദുരന്തം: മരണം നാലായി; 44 പേർ ചികിത്സയിൽ
Friday, July 11, 2025 2:50 AM IST
ഹൈദരാബാദ്: വ്യാജമദ്യം കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണ് ചികിത്സയിൽ കഴിഞ്ഞ നാലുപേർ മരിച്ചു.
ജൂലൈ ആറിനും ഏഴിനും ഹൈദരാബാദ് സിറ്റിയിലെ കുകട്പള്ളി, ബാലാനഗർ എന്നിവിടങ്ങളിലെ മദ്യഷോപ്പുകളിൽനിന്ന് മദ്യം കഴിച്ച അൻപതോളം പേരാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജൂലൈ എട്ടിന് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്.
ഇവരിൽ 44 പേരാണ് നിംസിലും ഗാന്ധി ആശുപത്രിയിലുമായി നിലവിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി സി. ദാമോദർ രാജനരസിംഹ പറഞ്ഞു.
നിംസിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രി സന്ദർശിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് സൈബരാബാദ് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
സമഗ്ര അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് 20നുമുന്പ് സമർപ്പിക്കണമെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയോട് തെലുങ്കാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.