ചിട്ടിക്കന്പനി നടത്തി മുങ്ങിയ മലയാളി ദന്പതികൾ വിദേശത്ത് ?
Friday, July 11, 2025 2:50 AM IST
ബംഗളൂരു: ബംഗളൂരുവിൽ ചിട്ടിക്കന്പനി നടത്തി മുങ്ങിയ മലയാളി ദന്പതികൾ വിദേശത്തേക്കു കടന്നതായി സൂചന.
ബംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിട്ടി ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ ടിക്കറ്റിൽ ഇവർ യാത്ര ചെയ്തോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
യാത്രാവിവരങ്ങൾ വിമാനക്കന്പനി അധികൃതരോടു കൈമാറാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ് ഒന്നിന് അസുഖബാധിതനായ ആലപ്പുഴയിലുള്ള ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് ഇരുവരും ബംഗളൂരുവിൽനിന്ന് വിട്ടത്.
എന്നാൽ, മൂന്നിനു കൊച്ചിയിൽനിന്നു മുംബൈയിലേക്കും അവിടെനിന്നു നെയ്റോബിയിലേക്കും ഇയാൾ ഫ്ലൈറ്റിൽ പോയെന്നു സൂചനയുണ്ട്. ഇതുവരെ 489 പരാതികളാണു രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്.
100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ചിട്ടിക്കന്പനിയിൽ ആയിരത്തോളം പേർ അംഗങ്ങളായിരുന്നു. അഞ്ചുലക്ഷം രൂപ വരെയുള്ള ചിട്ടികൾ പല വിഭാഗങ്ങളായി നടത്തിയിരുന്നു.
കൂടാതെ, ഫിക്സഡ് ഡിപ്പോസിറ്റായി തുക വാങ്ങി ദന്പതികളുടെ ഫിനാൻസ് കന്പനിയിൽ 12 മുതൽ 22 ശതമാനം വരെ പലിശ നല്കുമെന്നു പറഞ്ഞ് പലരും ഉയർന്ന തുക നിക്ഷേപിച്ചിരുന്നു. 25 വർഷമായി ചിട്ടി നടത്തിവരികയായിരുന്നു ദന്പതികൾ.