വ്യോമസേനാ വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു
Thursday, July 10, 2025 3:05 AM IST
ജയ്പുർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ വ്യോമസേനാ വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. ഇരട്ടസീറ്റുകളുള്ള വ്യോമസേനയുടെ ജാഗ്വാർ ഫൈറ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചുരു ജില്ലയിലെ സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന വിമാനം ഇന്നലെ ഉച്ചകഴിഞ്ഞ് 1.25നാണ് ബാനുദ ഗ്രാമത്തിലെ ജനവാസമേഖലയോടു ചേർന്ന കൃഷിയിടത്തിൽ തകർന്നുവീണത്.
പതിവ് പരിശീലനത്തിലേർപ്പെടുന്പോഴാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നും ജനവാസമേഖലയിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണസമിതി രൂപീകരിച്ചിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
അതേസമയം, വിമാനം ഗ്രാമത്തിലെ വീടുകൾക്കുമുകളിൽ വീഴാതിരിക്കാൻ പൈലറ്റ് ശ്രദ്ധിച്ചിരുന്നതായി സംഭവത്തിനു ദൃക്സാക്ഷിയായ ഗ്രാമവാസി രാജ്ദീപ് പറഞ്ഞു. അഞ്ചു മാസത്തിനിടെ ജാഗ്വാർ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. മാർച്ച് ഏഴിന് ഹരിയാനയിലെ പഞ്ച്കുലയിലും ഏപ്രിൽ രണ്ടിന് ഗുജറാത്തിലെ ജംനഗറിലും ജാഗ്വാർ വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.