വ്യാപാരക്കരാർ ധാരണയ്ക്കായി പ്രതിനിധിസംഘം വീണ്ടും അമേരിക്കയിലേക്ക്
Friday, July 11, 2025 2:50 AM IST
ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാറുകളിൽ ധാരണയിലെത്താൻ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പ്രതിനിധിസംഘം വീണ്ടും അമേരിക്കയിലെത്തി ചർച്ച നടത്തും.
പരസ്പരതീരുവകളുടെ മരവിപ്പിക്കൽ അമേരിക്ക ഓഗസ്റ്റ് ഒന്നുവരെ നീട്ടിയതിനാൽ തിരക്കിട്ട ചർച്ചകളിലൂടെ വ്യാപാര കരാറിൽ അന്തിമ ധാരണയിലെത്താനാണ് ഇന്ത്യയുടെ ശ്രമം.
ചർച്ചയുടെ തീയതിയിൽ അന്തിമ തീരുമാനമായില്ലെങ്കിലും അടുത്തയാഴ്ച സംഘം അമേരിക്ക സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് വാണിജ്യ മന്ത്രാലയ അധികൃതർ സൂചിപ്പിച്ചു.
ഇടക്കാല വ്യാപാരക്കരാറിലും അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ചും ചർച്ചകൾ നടക്കും. ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടം ഒക്ടോബറോടെയും ഇടക്കാല വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്ന് എന്ന സമയപരിധിക്കുമുന്പും ഒത്തുതീർപ്പിലെത്താനാണ് ഇന്ത്യയുടെ ശ്രമം.
ഇടക്കാല വ്യാപാരക്കരാറിൽ സമയപരിധിക്കുമുന്പേ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ 26 ശതമാനം അധിക തീരുവയാണ് ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിത്തുടങ്ങുക.