ചിട്ടിതട്ടിപ്പ്: മലയാളി ദന്പതിമാർ മുങ്ങിയത് 500 കോടിയുമായി?
Tuesday, July 8, 2025 2:19 AM IST
ബംഗളൂരു: ബംഗളൂരുവിൽ ചിട്ടിക്കന്പനി നടത്തി മുങ്ങിയ മലയാളി ദന്പതിമാർ തട്ടിയെടുത്തത് 500 കോടിയോളം രൂപ. ബംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിട്ടി ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണു മുങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. തുടർന്ന്, ചിട്ടിയിൽ ചേർന്നവരും ഇവരുടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരും രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. തുടർന്ന്, കന്പനിയുടെ ഓഫീസിലെ ജീവനക്കാരെ പോലീസ് ചോദ്യംചെയ്തെങ്കിലും ദന്പതികളെക്കുറിച്ച് ഇവർക്ക് ഒന്നും അറിയില്ലെന്നാണു പറഞ്ഞത്.
ഇന്നലെവരെ 325 ഓളം പേർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. നിലവിൽ നൂറു കോടി രൂപയുടെ തട്ടിപ്പാണു പരാതികളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിട്ടിക്കന്പനിയിൽ ആയിരത്തോളം പേർ അംഗങ്ങളായിരുന്നു.
അഞ്ചു ലക്ഷം രൂപ വരെയുള്ള ചിട്ടികൾ പല വിഭാഗങ്ങളായി നടത്തിയിരുന്നു. കൂടാതെ, ദന്പതികളുടെ ഫിനാൻസ് കന്പനിയിൽ 12 മുതൽ 22 ശതമാനം വരെ പലിശ നല്കുമെന്നു പറഞ്ഞ് പലരും ഉയർന്ന തുക നിക്ഷേപിച്ചിരുന്നു. നിക്ഷേപപലിശ നിലവിൽ അംഗങ്ങൾ ചേരുന്ന ചിട്ടിയിൽ വരവുവയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.
ചിട്ടി കഴിയുന്പോൾ ലഭിക്കുന്ന തുകയോടൊപ്പം ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശയും നൽകാമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ 25 വർഷമായി ചിട്ടി നടത്തിവരികയായിരുന്നു ദന്പതികൾ. അഞ്ചുകോടി രൂപയിൽ കൂടുതൽ തട്ടിപ്പ് നടന്നതിനാൽ നിലവിൽ കർണാടക സിഐഡിക്ക് അന്വേഷണം കൈമാറിയിരിക്കുകയാണ്.
മുങ്ങിയത് ആസൂത്രിതമായി; ബാങ്ക് ബാലൻസ് 7,500 രൂപ മാത്രം!
ടോമിയും ഭാര്യ ഷൈനിയും സാന്പത്തികത്തട്ടിപ്പ് നടത്തി മുങ്ങാനുള്ള തീരുമാനം ഒരുവർഷം മുന്പേ ആസൂത്രണം ചെയ്തതായാണ് പോലീസ് പറയുന്നത്. അവസാന കാലയളവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കൂടുതൽ പേരിൽനിന്നു തുക വാങ്ങിയിരുന്നു.
വീടും വാഹനവും വിറ്റ ശേഷമാണ് ഇവർ മുങ്ങിയത്. കൂടാതെ, ഇവരുടെ ബാങ്കിൽ നിലവിലുള്ള ബാലൻസ് 7,500 രൂപ മാത്രമാണ്. നിലവിൽ ഓഫീസ് സംവിധാനം പോലും കാര്യക്ഷമമല്ല. മൂന്നു ജീവനക്കാർ മാത്രമാണ് ഓഫീസിലുള്ളത്. ഇവർക്ക് യാതൊന്നും അറിയില്ലെന്നു പോലീസ് പറഞ്ഞു.