അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ
സ്വന്തം ലേഖകൻ
Wednesday, July 9, 2025 6:11 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കും. ഇന്റർനാഷണൽ സിവിൽ ഏവിയേഷന്റെ പ്രോട്ടോകോൾ പ്രകാരമുള്ള സമയപരിധിയാണിത്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ലഭിച്ച അടിസ്ഥാന വിവരങ്ങൾ മാത്രമായിരിക്കും റിപ്പോർട്ടിൽ ഉൾപ്പെടുത്തുക.
വിമാനത്തിന്റെ മോഡൽ, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങൾ, എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണു വിമാനം പറന്നുയർന്നത് തുടങ്ങിയ വിവരങ്ങൾ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടാക്കും. അപകട കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വർഷത്തിനുമുകളിൽ ഇനിയും കാലതാമസമെടുത്തേക്കും. നിലവിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും മറ്റു വിവരങ്ങളും എഎഐബി അന്വേഷിച്ചുവരികയാണ്.
ഇന്നലെ നടന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ അഹമ്മദാബാദ് വിമാനാപകടവും വ്യോമയാനമേഖലയിലെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു.
വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതു സംബന്ധിച്ച വിഷയവും യോഗം ചർച്ച ചെയ്തു. വ്യോമയാന മന്ത്രാലയം സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രതിനിധികൾ എന്നിവരെ യോഗത്തിൽ വിളിച്ചുവരുത്തിയിരുന്നു.