ഐഎസ്ഐയുമായി ബന്ധം; രണ്ടു പേർ ബംഗാളിൽ പിടിയിൽ
Wednesday, July 9, 2025 6:11 AM IST
കോൽക്കത്ത: പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുള്ള രണ്ടു പേരേ ബംഗാൾ എസ്ടിഎഫ് അറസ്റ്റ് ചെയ്തു. രാകേഷ്കുമാർ ഗുപ്ത, മുകേഷ് രജക് എന്നിവരാണ് പൂർബ ബർധമാൻ ജില്ലയിൽനിന്ന് പിടിയിലായത്. ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്ന ഇരുവരും പാക്കിസ്ഥാനിലെ ആളുകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നു. ശനിയാഴ്ച നടത്തിയ റെയ്ഡിനെത്തുടർന്നാണ് ഇരുവരെയും പിടികൂടിയത്.
മുകേഷിനെ വാടകവീട്ടിൽനിന്നും രാകേഷിനെ നഴ്സിംഗ് ഹോമിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഏഴു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കി.