റീൽസ് ഇടുന്നതിൽ എതിർപ്പ്; ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചുകൊന്നു
Friday, July 11, 2025 2:50 AM IST
ഗുരുഗ്രാം (ഹരിയാന): ഹരിയാനയില്‍ വനിതാ ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി. സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ (25)യാണു പിതാവ് ദീപക് യാദവ് വെടിവച്ചു കൊന്നത്.
ഗുരുഗ്രാമിലെ സെക്ടര്‍ 57-ലെ സുശാന്ത് ലോക് രണ്ടാം ഫേസിലെ വീട്ടില്‍ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു കൊലപാതകം. ദീപക് യാദവിനെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ഇയാളുടെ തോക്ക് പിടിച്ചെടുത്തു.
വീട്ടിലെ ഒന്നാം നിലയില്‍ വച്ച് രാധികയ്ക്കുനേരേ ഇയാൾ അഞ്ചു തവണ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ യുവതിയുടെ ശരീരത്തില്‍ തുളഞ്ഞുകയറി. ശബ്ദം കേട്ട് എത്തിയവര്‍ യുവതിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു.
യുവതി ഇന്‍സ്റ്റഗ്രാം റീലുകള്‍ പതിവായി ചിത്രീകരിക്കുന്നതിലും പോസ്റ്റ് ചെയ്യുന്നതിലും പിതാവ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. രാധിക പങ്കുവച്ച ഒരു റീൽസിനെച്ചൊല്ലിയുള്ള തർക്കമാണു വെടിവയ്പിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനതലത്തില്‍ നിരവധി നിരവധി മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് രാധിക. രാജ്യാന്തര ടെന്നീസ് ഫെഡറേഷന്റെ പട്ടികയിൽ ഡബിൾസ് ടെന്നീസ് കളിക്കാരിൽ 1999-ാം സ്ഥാനത്താണു രാധിക. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.