വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഭീഷണിപ്പെടുത്തുന്നതും റാഗിംഗ്: യുജിസി
സ്വന്തം ലേഖകൻ
Thursday, July 10, 2025 3:05 AM IST
ന്യൂഡൽഹി: വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഭീഷണിസന്ദേശങ്ങൾ അയച്ച് ജൂണിയർ വിദ്യാർഥികളെ ഉപദ്രവിക്കുന്നതു റാഗിംഗായി കണക്കാക്കുമെന്നും റാഗിംഗ് വിരുദ്ധ നിയമങ്ങൾ പ്രകാരം കർശന നടപടികളുണ്ടാകുമെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി).
ഇത്തരത്തിൽ ജൂണിയർമാരെ ഉപദ്രവിക്കാനായി സൃഷ്ടിച്ച അനൗപചാരിക വാട്സ്ആപ് ഗ്രൂപ്പുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരീക്ഷണത്തിനു വിധേയമാക്കണമെന്ന് യുജിസി നിർദേശം നൽകി.
മുതിർന്ന വിദ്യാർഥികൾ അനൗപചാരിക വാട്സ്ആപ് ഗ്രൂപ്പുകൾ സൃഷ്ടിച്ചും ജൂണിയർ വിദ്യാർഥികളുമായി ബന്ധപ്പെട്ട് അവരെ മാനസികപീഡനത്തിനിരയാക്കുന്നുണ്ടെന്ന് യുജിസി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പുറപ്പെടുവിച്ച പുതിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
കാന്പസുകളിലെ വിദ്യാർഥികളുടെ സുരക്ഷ പരമപ്രധാനവും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തതുമാണ്. റാഗിംഗ് വിരുദ്ധ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നത് ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നയിച്ചേക്കാമെന്നും യുജിസി മുന്നറിയിപ്പ് നൽകി.
സീനിയർ വിദ്യാർഥികളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജൂണിയർ വിദ്യാർഥികളെ സാമൂഹിക ബഹിഷ്കരണത്തിന് വിധേയമാക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഭവങ്ങളും യുജിസി ചൂണ്ടിക്കാട്ടി.
മുടി മുറിക്കാൻ നിർബന്ധിക്കുക, ഉറക്കം തടസപ്പെടുത്തുക, പരിഹസിക്കുക തുടങ്ങിയ പ്രവൃത്തികൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും റാഗിംഗ് വിരുദ്ധ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും യുജിസി വ്യക്തമാക്കി.