വഡോദര പാലം അപകടം: മരണം 17 ആയി
Friday, July 11, 2025 2:50 AM IST
വഡോദര: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണു മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.
മൂന്നു പേരെ കണ്ടെത്താനുണ്ടെന്ന് വഡോദര കളക്ടർ അനിൽ ധമേലിയ പറഞ്ഞു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ നടത്തിവരികയാണ്. മഴയും നദിയിലെ ചെളിയും രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നു.
മധ്യഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ബുധനാഴ്ച രാവിലെ ഏഴോടെ തകർന്നുവീണത്.
കഴിഞ്ഞ വർഷം 212 കോടി ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് നാലു വാഹനങ്ങൾ നദിയിലേക്കു പതിച്ചായിരുന്നു ദുരന്തം.