രാജ്യവിരുദ്ധ ഉള്ളടക്കം വൈറലാക്കിയാൽ പണികിട്ടും
സ്വന്തം ലേഖകൻ
Wednesday, July 9, 2025 6:11 AM IST
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവച്ച് അവയെ വൈറലാക്കാൻ സഹായിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഓണ്‍ലൈനിലെ തെറ്റിദ്ധാരണാജനകവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളുടെ വ്യാപനം തടയുന്നതിനായി മറ്റ് രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് സംയുക്ത തന്ത്രം രൂപീകരിക്കാനാണ് എൻഐഎയുടെ ശ്രമം.
പദ്ധതിയനുസരിച്ച് പുതിയ ചട്ടക്കൂടിനു കീഴിലുള്ള അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ ഔദ്യോഗികമായി അറിയിക്കും. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ അവരുടെ ആഭ്യന്തര സംവിധാനങ്ങളിലൂടെ രാജ്യവിരുദ്ധവും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യണം.
ഇത്തരം ഉള്ളടക്കങ്ങൾക്കെതിരേ എന്തെല്ലാം നടപടികളെടുത്തുവെന്ന് സർക്കാരിനെ കൃത്യമായ ഇടവേളകളിൽ അറിയിക്കുകയും വേണം. വിദേശത്തുനിന്ന് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്കെതിരേയും നടപടികളുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.