ശ്രീധരൻപിള്ളയ്ക്കു പകരം അശോക് ഗജപതി രാജു ഗോവ ഗവർണർ
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി മുൻ കേന്ദ്രമന്ത്രിയും തെലുങ്കുദേശം നേതാവും ആന്ധ്രയിലെ വിജയനഗരം രാജകുടുംബാഗവുമായ പി. അശോക് ഗജപതി രാജുവിനെ പകരം നിയമിച്ചു.
പശ്ചിമ ബംഗാളിലെ തലമുതിർന്ന ബിജെപി നേതാവ് പ്രഫ. ആഷിം കുമാർ ഘോഷിനെ ഹരിയാന ഗവർണറായും ജമ്മുവിൽ നിന്നുള്ള ബിജെപി നേതാവും സജീവ ആർഎസ്എസുകാരനുമായ കവിന്ദർ ഗുപ്തയെ ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറായും രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.
2021 ജൂലൈ മുതൽ ഗോവ ഗവർണറായിരുന്ന ശ്രീധരൻപിള്ളയ്ക്കും ഹരിയാന ഗവർണറായിരുന്ന ബന്ധാരു ദത്താത്രേയയ്ക്കും പകരം നിയമനം നൽകിയിട്ടില്ല. നേരത്തെ 2019 നവംബർ മുതൽ ഗോവയിലേക്ക് മാറ്റുന്നതുവരെ മിസോറം ഗവർണറായും ശ്രീധരൻപിള്ള പ്രവർത്തിച്ചിട്ടുണ്ട്. ലഡാക്ക് ലഫ്റ്റനന്റ് ഗവർണറായിരുന്ന റിട്ട. ബ്രിഗേഡിയർ ബി.ഡി. മിശ്രയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചശേഷമാണു പുതിയയാളെ നിയമിച്ചത്.
ആന്ധ്രപ്രദേശിലെ വിജയനഗരത്തിലുള്ള രാജകുടുംബമായ പുസപതി കുടുംബത്തിലെ അംഗമായ പുസപതി അശോക് ഗജപതി രാജു തെലുങ്കുദേശം പാർട്ടിയിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര വ്യോമയാന മന്ത്രിയുമാണ്.
ഏഴു തവണ എംഎൽഎയും 2019ൽ ലോക്സഭാംഗവുമായി. ആദ്യ മോദിമന്ത്രിസഭയിൽ നാലു വർഷം വ്യോമയാന മന്ത്രിയായിരുന്ന രാജു, ആന്ധ്രയുടെ പ്രത്യേക പദവി സംബന്ധിച്ച തർക്കത്തെത്തുടർന്ന് പാർട്ടി നിർദേശം അനുസരിച്ച് രാജിവച്ചു.