വിവാഹമോചനക്കേസ്: ഫോണ്‍ സന്ദേശം തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോണ്‍ സന്ദേശങ്ങൾ വിവാഹമോചന കേസിൽ തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി.
ഭാര്യയുടെ അറിവില്ലാതെ ഫോണ്‍സന്ദേശം റെക്കോർഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണെന്നും വിവാഹമോചനത്തിന് കുടുംബക്കോടതിയിൽ ഇതൊരു തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്നും വിധിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 122 പ്രകാരമായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തിന്റെ പരിധിയിൽ തെളിവുനിയമത്തിലെ സെക്ഷൻ 122 വരുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
1955ലെ ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള വിവാഹമോചന നടപടിയുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.