തെന്നിന്ത്യൻ ഇതിഹാസനടി സരോജ ദേവി അന്തരിച്ചു
Tuesday, July 15, 2025 2:52 AM IST
ബംഗളൂരു: തെന്നിന്ത്യൻ സിനിമാലോകത്ത് അഭിനയ സരസ്വതി എന്ന വിളിപ്പേരിൽ തിളങ്ങിയ പ്രമുഖ നടി ബി. സരോജ ദേവി (87)അന്തരിച്ചു.
ബംഗളൂരു മല്ലേശ്വരത്തെ വസതിയിൽ ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചശേഷമാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബംഗളൂരു കൊഡിഗെഹള്ളിയിലെ ഫാം ഹൗസിൽ സംസ്കരിച്ചു.
1980 വരെ നീളുന്ന സരോജ ദേവിയുടെ അഭിനയസപര്യയിൽ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എംജിആർ, ശിവാജി ഗണേശൻ, രാജ്കുമാർ, എൻ.ടി. റാമറാവു എന്നിവർക്കൊപ്പം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1955ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം മഹാകവി കാളിദാസയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.1959ൽ പുറത്തിറങ്ങിയ തങ്കമലൈ രഹസ്യമാണ് ആദ്യ തമിഴ് ചിത്രം. എംജിആറിന്റെ നായികാ പദവിയിലൂടെ തമിഴിൽ സരോജദേവിക്ക് താരപദവി നേടിക്കൊടുത്തത് 1968ൽ പുറത്തിറങ്ങിയ നാടോടി മന്നൻ എന്ന ചിത്രമാണ്. പൈഗാം(1959) എന്ന ചിത്രത്തിലൂടെ ഹിന്ദിസിനിമാലോകത്തും സരോജ ദേവി പ്രശസ്തയായി.
അഭിനയരംഗത്തെ നിസ്തുല സംഭാവനകൾ പരിഗണിച്ച് 1969ൽ പദ്മശ്രീയും 1992ൽ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു. കൂടാതെ, ബാംഗളൂർ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റും തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരവും നല്കി ആദരിച്ചു.
1938ൽ മൈസൂർ സ്റ്റേറ്റിന്റെ ഭാഗമായിരുന്ന ബാംഗളൂരിൽ പരന്പരാഗത വൊക്കലിഗ കുടുംബത്തിൽ പോലീസ് ഉദ്യോഗസ്ഥനായ ഭൈരപ്പയുടെയും രുദ്രമ്മയുടെയും നാലാമത്തെ മകളായി ജനിച്ച സരോജ ദേവിയുടെ നൃത്തവൈഭവമാണ് വെള്ളിത്തിരയിലേക്കു വഴിതുറക്കാൻ ഇടയാക്കിയത്. സരോജ ദേവി അഭിനയിച്ച ചിത്രങ്ങളിലെ വസ്ത്രങ്ങളും ആഭരണങ്ങളും പിന്നീട് അവരുടെ പേരുകളിൽ വിപണിയിൽ വ്യാപകമായി വിറ്റഴിക്കപ്പെട്ടിരുന്നു.
ഭർത്താവ്: പരേതനായ ശ്രീഹർഷ. സരോജ ദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സിനിമയുടെയും സംസ്കാരത്തിന്റെയും ഉദാത്ത മാതൃകയായ ബഹുമുഖപ്രതിഭയെയാണ് സരോജ ദേവിയിലൂടെ നഷ്ടമായതെന്നു മോദി എക്സിൽ കുറിച്ചു.