മോദി, ആർഎസ്എസ് വിമർശനം: കാർട്ടൂണിസ്റ്റിന് കോടതിയുടെ ശാസനം
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂണുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ മധ്യപ്രദേശുകാരനായ കാർട്ടൂണിസ്റ്റ് ഹേമന്ദ് മാളവ്യയെ വാക്കാൽ ശാസിച്ച് സുപ്രീംകോടതി.
പ്രകോപനപരവും അപക്വവുമായ സമീപനമാണു കാർട്ടൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് മാളവ്യയെ ശാസിച്ചത്.
ഇന്നലത്തെ വാദം കേൾക്കലിൽ കാർട്ടൂണിസ്റ്റിന്റെ പെരുമാറ്റത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് മാളവ്യക്കുവേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവർ കാർട്ടൂണ്‍ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്യാമെന്നും മാളവ്യയുടെ പ്രസ്താവനകൾ തിരുത്താമെന്നും കോടതിയെ അറിയിച്ചു.
കേസിൽ ഇന്നും വാദം തുടരും. 2021ൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മോദിക്കും ആർഎസ്എസിനുമെതിരേ മാളവ്യ രചിച്ച കാർട്ടൂണാണു വിവാദമായത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചുമത്തി മൂന്നു വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് മാളവ്യക്കെതിരേ ചുമത്തിയത്.