സി. സദാനന്ദൻ ഉൾപ്പെടെ നാലുപേർ രാജ്യസഭയിലേക്ക്
സ്വന്തം ലേഖകൻ
Monday, July 14, 2025 2:51 AM IST
ന്യൂഡൽഹി: ബിജെപി കേരള സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ ഉൾപ്പെടെ നാലുപേരെ രാജ്യസഭാംഗങ്ങളായി രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദേശം ചെയ്തു. മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ല, മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്ജ്വൽ നിഗം, ചരിത്രകാരിയും ഡൽഹി സർവകലാശാല പ്രഫസറുമായ മീനാക്ഷി ജെയ്ൻ എന്നിവരാണ് മറ്റു മൂന്നുപേർ.
കണ്ണൂർ കൂത്തുപറന്പ് സ്വദേശിയാണ് സദാനന്ദൻ. ആർഎസ്എസ് കണ്ണൂർ ജില്ലാ സഹകാര്യവാഹകായിരിക്കേ 1994ൽ സിപിഎം ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നിഗം. മീനാക്ഷി ജെയ്ൻ അയോധ്യയെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. 2020- 2022 കാലയളവിലാണ് ഹർഷ വർധൻ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. 2019ൽ ടെക്സാസിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയുടെ പ്രധാന സംഘാടകനായിരുന്നു.
നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. സി. സദാനന്ദന്റെ ജീവിതം ധൈര്യത്തിന്റെയും അനീതിക്കുമുന്നിൽ കീഴടങ്ങാത്ത മനോഭാവത്തിന്റെയും മാതൃകയാണെന്നും എംപി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകട്ടേയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.