ആന്ധ്രപ്രദേശിൽ ലോറി മറിഞ്ഞ് ഒന്പതു മരണം
Tuesday, July 15, 2025 2:52 AM IST
അണ്ണാമയ്യ: ആന്ധ്രപ്രദേശിലെ അണ്ണാമയ്യയിൽ മാന്പഴം കയറ്റിവന്ന ലോറി മറിഞ്ഞ് ഒന്പതു തൊഴിലാളികൾ മരിച്ചു. 12 പേർക്കു പരിക്കേറ്റു. അണ്ണാമയ്യയിലെ പുല്ലംപേട്ടിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.
തിരുപ്പതിയിലെ ചെട്ടിഗുണ്ട കോളനി നിവാസികളായ 21 കർഷകത്തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. രാജംപേട്ടിൽനിന്ന് മാന്പഴവുമായി കൊടുർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ചന്തയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി നദിക്കരയിൽ മറിഞ്ഞതോടെ തൊഴിലാളികൾ മാന്പഴച്ചാക്കുകൾക്ക് ഇടയിലാവുകയായിരുന്നു. എട്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിയശേഷവും. പരിക്കേറ്റവർ രാജംപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.