തെരഞ്ഞെടുപ്പ് കമ്മീഷൻ മോദി സർക്കാരിന്റെ കൈയിലെ കളിപ്പാവ: കപിൽ സിബൽ
സ്വന്തം ലേഖകൻ
Monday, July 14, 2025 2:50 AM IST
ന്യൂഡൽഹി: ഭൂരിപക്ഷ സർക്കാരുകൾ അധികാരത്തിൽ തുടരുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാവിരുദ്ധ നീക്കമാണു ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണമെന്ന് രാജ്യസഭ എംപിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.
തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിസർക്കാരിന്റെ കൈയിലെ കളിപ്പാവയാണെന്നും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിബൽ ആരോപിച്ചു.
പൗരത്വവിഷയങ്ങൾ തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് മുൻ നിയമമന്ത്രികൂടിയായ സിബൽ ദേശീയ വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ബിഹാറിലെ വോട്ടർ പട്ടികയിൽ 22 വർഷങ്ങൾക്കുശേഷം നടത്തുന്ന പുനരവലോകനത്തിലൂടെ യോഗ്യരല്ലാത്തവരെ പട്ടികയിൽനിന്നു നീക്കം ചെയ്യാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും തീവ്ര പരിശോധനാനടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാപിപ്പിച്ചേക്കും. നിരവധി പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്ന തരത്തിലാണ് തെരഞ്ഞടുപ്പ് കമ്മീഷൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും. അത്തരത്തിൽ ഭൂരിപക്ഷ സർക്കാരിനെ നിലനിർത്താനുള്ള നടപടിയുടെ ഭാഗമാണ് ബിഹാറിലെ വോട്ടർ പട്ടികയിൽ നടത്തുന്ന പരിഷ്കരണമെന്നും സിബൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെയും സിബൽ ചോദ്യം ചെയ്തു. മാറി വരുന്ന ഓരോ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും കേന്ദ്രസർക്കാരുമായുള്ള ബന്ധം മുന്പത്തേതിനേക്കാൾ മികച്ചതാണ്.
യോഗ്യത തെളിയിക്കുന്നതിന് കമ്മീഷൻ നിർദേശിച്ച രേഖകളിൽ ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയവ ഉൾപ്പെടുത്താൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിദേശം കമ്മീഷൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബൽ പറഞ്ഞു.