അനാസ്ഥയുടെ രക്തസാക്ഷി; സഹപാഠികളുടെ കൺമുന്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു
Friday, July 18, 2025 2:42 AM IST
കൊല്ലം: ശാസ്താംകോട്ടയിൽ തേവലക്കര കോവൂർ സ്കൂളിൽ സഹപാഠികളുടെ കൺമുന്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി വലിയപാടം മിഥുന് ഭവനില്‍ മനുവിന്റെ മകന് മിഥുനാണ് (13) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ക്ലാസ് തുടങ്ങുന്നതിനു മുമ്പു കുട്ടികൾ കളിച്ചുകൊണ്ടുനിൽക്കെ സൈക്കിള്‍ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറുമ്പോൾ വൈദ്യുതലൈനില്‍നിന്നു ഷോക്കേൽക്കുകയായിരുന്നു. സിപിഎം പ്രവർത്തകർക്കു മേൽക്കൈയുള്ള മാനേജ്മെന്റാണ് തേവലക്കര സ്കൂൾ നിയന്ത്രിക്കുന്നത്.
സ്കൂൾ കെട്ടിടത്തോടു ചേർന്നു സൈക്കിൾ വയ്ക്കാനായി ഇരുമ്പുഷീറ്റ് പാകിയ ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഈ ഷെഡിന്റെ മുകളിലേക്കു ചെരുപ്പു വീണു. ഇതെടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നി മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ പിടിക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.
ഉടൻ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്നു മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്മ വിദേശത്തുനിന്ന് എത്തിയശേഷമാകും സംസ്കാരം.
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അപകടംസംഭവിക്കും മുൻപ് മിഥുൻ കെട്ടിടത്തിനു മുകളിലേക്കു കയറുന്നതും തെന്നിവീഴാൻ പോകുമ്പോൾ വൈദ്യുത കമ്പിയിൽ പിടിക്കുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിമാർ
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു.
കുടുംബത്തിന് ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. കെഎസ്ഇബിയുടെ ഭാഗത്തും സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.