പാലക്കാട്ട് വീണ്ടും നിപ്പ; സ്ഥിരീകരണമായില്ല
Thursday, July 17, 2025 2:03 AM IST
പാലക്കാട്: ജില്ലയിൽ വീണ്ടും നിപ്പയെന്നു സംശയം. മണ്ണാർക്കാട് ചങ്ങലീരിയിൽ നിപ്പ ബാധിച്ചു മരിച്ചയാളുടെ മകനാണ് പുതുതായി രോഗബാധ സംശയിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിൽ ഇദ്ദേഹത്തിനു രോഗമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
സാന്പിൾ പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കായി അയച്ചു. ഇവിടെനിന്നു ഫലംവന്നാൽ മാത്രമേ നിപ്പയെന്നു സ്ഥിരീകരിക്കാനാവൂയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. മുപ്പത്തിരണ്ടുകാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് മെഡിക്കൽ കോളജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.
ഒരു യുവതിക്കാണ് ആദ്യം പാലക്കാട്ട് രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്പത്തിയെട്ടുകാരൻ നിപ്പ ബാധിച്ചു മരിച്ചത്. പ്രാഥമിക, ദ്വിതീയ സന്പർക്കപ്പട്ടികകളിലായി ജില്ലയിൽ 385 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
നിപ്പ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച കുമരംപുത്തൂർ സ്വദേശി ജോലിചെയ്ത അട്ടപ്പാടി അഗളി കള്ളമലയിലെ തോട്ടം കഴിഞ്ഞദിവസം വിദഗ്ധസംഘം പരിശോധിച്ചു.
പ്രദേശത്തു ചൊവ്വാഴ്ച മൃഗങ്ങളുടെ അസ്വാഭാവികമരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു വവ്വാലിന്റെ ജഡം സാന്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. അതിനിടെ, പ്രദേശത്തു കർശനനിരീക്ഷണവും പരിശോധനയും തുടരുമെന്നു പോലീസ് അറിയിച്ചു.
നിപ്പ രോഗിയുടെ റൂട്ട്മാപ്പിൽ പരാമർശിക്കാത്ത കെഎസ്ആർടിസി യാത്രകളെപ്പറ്റി സാമൂഹികമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരായ പരാതി പോലീസിനു കൈമാറിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.