നിയമനിര്‍മാണം ഉടനെന്നു ശശീന്ദ്രൻ
Monday, September 1, 2025 2:56 AM IST
കോഴിക്കോട്: വന്യജീവി ശല്യം ലഘൂകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മാണം ഉടനെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്.
കോഴിക്കോട് നടന്ന മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് ബില്‍ തയാറായിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ പരിമിതിയില്‍ നിന്നുകൊണ്ടാണ് കേരളം പുതിയ നിയമ നിര്‍മാണം കൊണ്ടുവരുന്നത്.
കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ച ശേഷം സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഉപയാഗിച്ച് ഈ മേഖലയില്‍ ഇടപെടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ വനം-വന്യജീവി വകുപ്പ് നിയമംമൂലം വനംവകുപ്പ് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര വനംമന്ത്രാലയവുമായും കാബിനറ്റ് മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമെടുക്കാൻ കഴിയാത്ത തിനാലാണ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
മനുഷ്യ-വന്യജീവി സംഘര്‍ഷം എന്നത് മനുഷ്യ- വന്യജീവി സഹകരണമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.