വാഹനങ്ങളുടെ മത്സര ഓട്ടം; കഴക്കൂട്ടത്ത് ഒരു മരണം
Monday, September 1, 2025 2:56 AM IST
തിരുവനന്തപുരം: ടെക്നോപാർക് ജീവനക്കാർ വാഹനങ്ങളുപയോഗിച്ചു നടത്തിയ മത്സരഓട്ടത്തിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് നാലുപേർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രജനീഷ്, കിരൺ, അഖില, ശ്രീലക്ഷ്മി എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴക്കൂട്ടത്ത് ഇന്നലെ പുലർച്ചെ ഒരുന്നോടെയായിരുന്നു സംഭവം. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണംവിട്ട് എലിവേറ്റഡ് ഹൈവേയിലെ തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്നിൽ പോയിരുന്ന വാഹനത്തെ ഇടതു വശത്ത്കൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്. അപകടത്തിൽപ്പെട്ട ഥാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.