കുട്ടികളുടെ മാനസികാരോഗ്യസംരക്ഷണം: കർമപദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
സ്വന്തം ലേഖിക
Monday, September 1, 2025 2:56 AM IST
കൊച്ചി: വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും ലഹരി ഉപയോഗവും ഫലപ്രദമായി നേരിടാനുള്ള പുതിയ കർമപദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ കൂടുതൽ അറിയാവുന്നത് അധ്യാപകർക്കായതിനാൽ അധ്യാപകരെ പ്രാഥമിക കൗൺസലർമാരാക്കി മാറ്റുന്നതിനുള്ള സമഗ്ര കർമപദ്ധതിക്കാണു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് മൂന്നു തലങ്ങളിലായി പരിശീലനം നൽകും. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 200 പേർക്കാണു പരിശീലനം നൽകുന്നത്. ഇതിൽ ആദ്യബാച്ചിലെ 100 പേരുടെ പരിശീലനം പൂർത്തിയായി. വനിതാ ശിശുവികസന വകുപ്പിലെ സ്കൂൾ കൗൺസലർമാർ, സൗഹൃദ കോ-ഓർഡിനേറ്റർമാർ, കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർമാർ, ഹൈസ്കൂൾ അധ്യാപകർ, ഡയറ്റ് കൗൺസലർമാർ എന്നിവരാണ് ഈ സംഘത്തിലുള്ളത്.
സംസ്ഥാനതല പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ മൂന്നു ദിവസത്തെ പരിശീലനം നടക്കും. ഈ ഘട്ടത്തിൽ 4,239 അധ്യാപകർക്കു പരിശീലനം നൽകും.
ജില്ലാതലത്തിൽ പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാർ തുടർന്ന് സ്കൂൾ തലത്തിൽ പരിശീലനം നൽകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ അധ്യാപകർക്കും മൂന്ന് ശനിയാഴ്ചകളിലായി ഈ പരിശീലനം നൽകും. ഏകദേശം 8,000 അധ്യാപകർക്ക് ഈ ഘട്ടത്തിൽ പരിശീലനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ശില്പശാലകളിൽ കൗൺസലിംഗിന്റെ സൈദ്ധാന്തിക വശങ്ങളും അധ്യാപകരുടെ മാനസിക സമ്മർദം എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും രണ്ടു ഘട്ടമായി നൽകും.