സ്ത്രീപീഡന ആരോപണം : കടകന്പള്ളി സുരേന്ദ്രനെതിരേ ഡിജിപിക്കു പരാതി
Monday, September 1, 2025 3:28 AM IST
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരേ കോണ്‍ഗ്രസ് നേതാവ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി
. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയും പിന്നീട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കി വന്നിരുന്ന ആളുമായ ഇര പ്രമുഖ മാധ്യമങ്ങൾ വഴി കടകംപള്ളി സുരേന്ദ്രനെതിരേ ഉന്നയിച്ച ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണു പരാതി.
മുൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എം. മുനീറാണ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്. കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പരാതിയുടെ പകർപ്പ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും കൈമാറി.
2016 മുതൽ 2021 വരെ ഒന്നാം പിണറായി മന്ത്രിസഭാംഗമായിരുന്ന കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. ഇതു കൂടാതെ മന്ത്രിമന്ദിരത്തിൽ ശിപാർശയുമായി എത്തുന്നവരോടു മഴയത്തു റെയിൻകോട്ട് ഇട്ട് തന്റെ അടുത്തു വരാൻ പറയുന്ന യുവതിയുടെ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ട പരാതിയും ഇതോടൊപ്പം ഉന്നയിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ പുറത്തുനിന്നുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. ഇരകൾ പരാതി നൽകാതിരുന്നിട്ടും പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരേ സമാന പരാതിയുമായി കോണ്‍ഗ്രസ് നേതാവും രംഗത്തെത്തുന്നത്. പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ ഈ പരാതിയും ഉൾപ്പെടുത്തി അന്വേഷിക്കാനാകും. പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്.