പിക്കപ്പ് വാൻ മരത്തിലിടിച്ചുമറിഞ്ഞ് ഡ്രൈവർ മരിച്ചു
Monday, September 1, 2025 2:56 AM IST
കോതമംഗലം: നേര്യമംഗലത്ത് പിക്കപ്പ് വാൻ മരത്തിലിടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് വിരുതനഗർ സ്വദേശി വിഘ്നേഷ് പ്രഭു (30) വാണു മരിച്ചത്. ഇന്നലെ രാവിലെ 11.45ന് ചെമ്പൻകുഴി ഷാപ്പുംപടിക്കു സമീപത്തെ വളവിലായിരുന്നു അപകടം.
വിഘ്നേഷ് വാഹനത്തിനുള്ളിൽ കുടുങ്ങിയനിലയിലായിരുന്നു. ഊന്നുകൽ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം. കൊച്ചിയിൽനിന്നു പടക്കവും കമ്പിത്തിരിയുമായി ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്നു പിക്കപ്പ്. വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.