വയനാട് തുരങ്കപാത ഒരിക്കലും നടപ്പാകില്ലെന്നു പറഞ്ഞ പദ്ധതി: മുഖ്യമന്ത്രി
Monday, September 1, 2025 3:29 AM IST
തിരുവമ്പാടി: ചുരുങ്ങിയത് 50 വര്ഷംകൊണ്ടുപോലും നടപ്പാക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ പദ്ധതികളാണു പ്രതിസന്ധികള്‍ തരണം ചെയ്ത് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും നടപ്പാകില്ലെന്നു കരുതിയ പല പദ്ധതികളും ഒമ്പത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കി. വയനാട് ജനതയുടെ ദീര്‍ഘകാല സ്വപ്നസാഫല്യത്തിനാണു വേദിയൊരുങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്ത് ഒന്നാമതും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 തുറമുഖങ്ങളില്‍ ഒന്നുമാണ്. കിഫ്ബി വഴി നടപ്പാക്കിയ വിഴിഞ്ഞം തുറമുഖം നിശ്ചയിച്ചതിലും മുന്നേ കമ്മീഷന് ചെയ്യാനായി. ഗെയില്‍ വാതക പൈപ്പ് ലൈന്‍, പെരുമണ്‍ പവര്‍ ഹൈവേ, ദേശീയപാത, ജലപാത തുടങ്ങിയ പദ്ധതികളും വിവിധങ്ങളായ പ്രതിസന്ധികള്‍ തരണം ചെയ്താണു സര്‍ക്കാര്‍ നടപ്പാക്കിയതും നടപ്പാക്കി വരുന്നതും.
2016-ല്‍ ഭരണത്തിലെത്തുമ്പോള്‍ ഖജനാവിന്റെ ശേഷിക്കുറവ് പല പദ്ധതികള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചു. കിഫ്ബി വഴി ധനസ്രോതസ് പുനരുജ്ജീവിപ്പിച്ച് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ 2021-ല്‍ 62,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കൈവരിച്ചത്. നിലവില്‍ 90,000 കോടി രൂപയുടെ വികസന പദ്ധതികളും കിഫ്ബി വഴി നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.