ചിറക്കൽ റെയിൽപാളത്തിൽ വീണ്ടും കരിങ്കൽ ചീളുകൾ; ആർപിഎഫ് അന്വേഷണമാരംഭിച്ചു
Monday, September 1, 2025 3:28 AM IST
കണ്ണൂർ: കണ്ണൂരിൽ റെയിൽ പാളത്തിൽ വീണ്ടും കരിങ്കൽ ചീളുകൾ. മംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു വരികയായിരുന്ന 56718 നമ്പർ ലോക്കൽ ട്രെയിൻ ചിറക്കൽ സ്റ്റേഷൻ കഴിഞ്ഞ ഉടനെയുള്ള കുന്നാവ് പാളത്തിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് കരിങ്കൽ ചീളുകൾ കാണുന്നത്. ട്രെയിനിനു കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് വിവരമറിയിച്ച് കണ്ണൂരിൽനിന്ന് ആർപി എഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥലത്തുനിന്നു ചെറിയ കരിങ്കൽ ചീളുകൾ കണ്ടെത്തി. കുട്ടികൾ പാളത്തിനു മുന്നിൽ ചെറിയ കല്ല് എടുത്തുവച്ചതാകാം എന്നാണു പ്രാഥമിക നിഗമനം. എങ്കിലും അന്വേഷണം ഊർജിതമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത പന്നേൻപാറയിലെ ട്രാക്കിൽ കരിങ്കൽ ചീളുകൾ വച്ച സംഭവത്തിൽ അഞ്ചു വിദ്യാർഥികളെ പിടികൂടിയിരുന്നു. ഇതിനു ശേഷമാണു മറ്റൊരു സംഭവംകൂടി നടക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.