രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിലെ യുക്തിയെന്തെന്ന് എം.എം.ഹസൻ
Monday, September 1, 2025 3:28 AM IST
തിരുവനന്തപുരം: എൽഡിഎഫിലെയും സിപിഎമ്മിലെയും സ്ത്രീപീഡകരായ മന്ത്രിമാർക്കും എംഎൽഎമാർക്കും സംരക്ഷണം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെടുന്നത് എന്ത് യുക്തിയുടെ പേരിലാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം ഹസൻ.
അമ്മി കൊത്താനുണ്ടോയെന്ന് ചോദിക്കും പോലെ പരാതിക്കാരുണ്ടോ എന്ന് ചോദിക്കുകയാണ് മുഖ്യമന്ത്രിയും പോലീസും. ഇതുവരെ രാഹുലിന് എതിരേ ആരും പോലീസിൽ പരാതി നൽകിയിട്ടില്ല. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സിപിഎം സ്ത്രീപക്ഷ നിലപാടിനെ കുറിച്ച് സംസാരിക്കരുതെന്നും അ ദ്ദേഹം പറഞ്ഞു.
പരാതിക്കാരുണ്ടോയെന്ന് മുഖ്യമന്ത്രിയുടെ പോലീസിന് അന്വേഷിച്ചിറങ്ങേണ്ട ഗതികേടാണ്. പരാതികൾ ഇല്ലാത്ത ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന് എന്തൊരു ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതു നേതാക്കൾക്കെതിരേ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. ആരോപണമുയർന്ന് മണിക്കൂറുകൾക്കുള്ളിൽ രാഹുലിനെതിരേ കോണ്‍ഗ്രസ് നടപടി എടുത്തു. മാതൃകപരമായ നടപടി എടുത്ത കോണ്‍ഗ്രസിനെ ജനം കാണുന്നുണ്ട്. സ്ത്രീ പീഡകരെയും കളങ്കിതരായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.