മഴയും മണ്ണിടിച്ചിലും ; ഹിമാചലില്‍ മലയാളി വിനോദസഞ്ചാരികള്‍ കുടുങ്ങി
Monday, September 1, 2025 3:29 AM IST
കൊച്ചി: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചൽപ്രദേശിൽ വിനോദസഞ്ചാരത്തിനു പോയ കൊച്ചി സ്വദേശി ഉള്‍പ്പെട്ട സംഘം കുടുങ്ങി. 18 മലയാളികള്‍ ഉള്‍പ്പെടെ 25 പേരാണു സംഘത്തിലുള്ളത്. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൊച്ചി സ്വദേശി ജിസാന്‍ സാവോ അടക്കം 18 മലയാളികളും അഞ്ച് തമിഴ്നാട് സ്വദേശികളും രണ്ട് ഉത്തരേന്ത്യക്കാരുമാണ് സംഘത്തിലുള്ളത്. നിലവില്‍ കല്പഗ്രാമത്തിലെ ഹോം സ്റ്റേയിലാണ് സംഘമുള്ളത്. എല്ലാവരും സുരക്ഷിതരാണെന്നും അവശ്യസാധനങ്ങളടക്കം നിലവില്‍ ലഭിക്കുന്നുണ്ടെന്നും സംഘത്തിലുള്ള മലപ്പുറം സ്വദേശി ഷാരൂഖ് പറഞ്ഞു. വിവരമറിഞ്ഞ് ബന്ധപ്പെട്ട അധികാരികള്‍ വിളിച്ചിരുന്നു.
സുരക്ഷിതരായി തിരികെ എത്തിക്കുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡ്മാര്‍ഗം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനും പരിമിതികളുണ്ട്. നിലവിലുള്ള സ്ഥലത്തു തുടരാനാണ് തങ്ങള്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഷാരൂഖ് പറഞ്ഞു.
കഴിഞ്ഞ 25നാണ് സംഘം ഡല്‍ഹിയില്‍നിന്നു സ്പിറ്റിവാലി സന്ദര്‍ശിക്കാന്‍ പോയത്. തിരിച്ചുവരാനിരിക്കെ, ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു.
ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഷിംലയിലേക്കുള്ള റോഡ് പൂര്‍വസ്ഥിതിയാലാകാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുള്ളത്.