ചുങ്കവലയില് പിടയുന്ന ഇന്ത്യന്‍ ചെമ്മീന്‍ !
സിജോ പൈനാടത്ത്
Monday, September 1, 2025 3:28 AM IST
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം അധികതീരുവയുടെ പ്രത്യാഘാതങ്ങളെ അതിജീവിക്കാനുള്ള വഴികള്‍ തേടുകയാണ് കേരളത്തിലെ മത്സ്യമേഖല. ഇന്ത്യയില്‍നിന്നു ചെമ്മീന്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ അമേരിക്കയുടെ തീരുവക്കുരുക്ക് കേരളത്തിലെ മത്സ്യമേഖലയ്ക്കു പൊതുവേയും കയറ്റുമതിക്കാര്‍ക്കു പ്രത്യേകിച്ചും തിരിച്ചടി തന്നെയാണ്.
ചെമ്മീന്‍ ചെറിയ മീനല്ല!
അമേരിക്കയാണ് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം സമുദ്രോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. അതില്‍ത്തന്നെ ശീതീകരിച്ച ചെമ്മീനാണ് ഏറ്റവുമധികം അവിടേക്കെത്തിക്കുന്നത്. ഇന്ത്യന്‍ മത്സ്യ കയറ്റുമതിയുടെ 46.3 ശതമാനം ചെമ്മീനാണ്. തല നീക്കംചെയ്ത ചെമ്മീനാണ് അമേരിക്കയിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം 3,11,948 മെട്രിക് ടണ്‍ ശീതീകരിച്ച ചെമ്മീന്‍ അമേരിക്കന്‍ വിപണിയിലെത്തുന്നു. ചൈനയാണ് രണ്ടാമതുള്ളത്- 1,36,164 മെട്രിക് ടണ്‍.
2024-25 കാലയളവില്‍ 62,408.45 കോടി രൂപ (7.45 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള സമുദ്രോത്പന്നങ്ങള്‍ (16,98,170 മെട്രിക് ടണ്‍) ഇന്ത്യ കയറ്റി അയച്ചു. അളവിലും മൂല്യത്തിലും മുന്നിലുണ്ടായിരുന്നത് ശീതീകരിച്ച ചെമ്മീന്തന്നെ. ശീതീകരിച്ച കൂന്തല്‍, ശീതീകരിച്ച കണവ, ചിൽഡ് ഉത്പന്നങ്ങള്‍, ജീവനുള്ള മത്സ്യങ്ങള്‍ എന്നിവയാണ് മറ്റു കയറ്റുമതി ഇനങ്ങള്‍.
തീരുവ തിരിച്ചടിയാകുന്നത്
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര ചുങ്കം ഇന്ത്യക്കു നല്‍കേണ്ടിവന്ന ഘട്ടത്തിലാണ് ട്രംപിന്റെ വക അധികതീരുവഭാരം.
മത്സ്യമേഖലയില്‍ 2.49 ശതമാനം ആന്റി ഡംബിംഗ് ഡ്യൂട്ടിയും 5.7 ശതമാനം കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടിയും 26 ശതമാനം റെസിപ്രോകല് താരിഫും അടക്കം 34.26 ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് മുതല്‍ നടപ്പാക്കിയ ചുങ്കവര്‍ധന അധികഭാരമാണ് ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. ചുങ്കവര്‍ധന ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതു മത്സ്യോല്പാദന, സംസ്കരണ, കയറ്റുമതി മേഖലകളെയാണ്.
ഇക്വഡോര്‍ ഇരിക്കുമോ ഇന്ത്യന്‍ സീറ്റില്‍?
അമേരിക്കക്കാര്‍ കഴിക്കുകയും അനുബന്ധ ഉത്പന്നങ്ങളാക്കുകയും ചെയ്യുന്ന ചെമ്മീനിന്റെ 94 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന രാജ്യമാണ് ഇക്വഡോര്‍. ചെമ്മീന്‍ ഇറക്കുമതിയില്‍ ഇന്ത്യയുടെ വിഹിതം 46.3 ശതമാനം. ഇക്വഡോറിന്റേത് 26 ശതമാനമാണ്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, മ്യാൻമര് തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയിലേക്കുള്ള ചെമ്മീന്‍ കണ്ടെയ്നറുകളുമായി അമേരിക്കന്‍ റൂട്ടിലുണ്ട്.
അമേരിക്കന്‍ ഇറക്കുമതിയില്‍ ഇന്ത്യക്കു തൊട്ടുപിന്നിലുള്ള ഇക്വഡോറിനു ട്രംപിന്റെ നികുതിവര്‍ധന 15 ശതമാനം മാത്രമാണ്. അധികതീരുവയുടെ പേരില്‍ ഇന്ത്യ ഒരു ചുവടു പിന്നോട്ടടിച്ചാല്‍ ആ സീറ്റിലേക്കു ഇക്വഡോറിനെ അമേരിക്ക മാലയിട്ടു സ്വീകരിച്ചേക്കുമെന്നതാണ് ഇന്ത്യന്‍ മത്സ്യകയറ്റുമതി നേരിടുന്ന ഇപ്പോഴത്തെ പ്രധാന തലവേദന.
ബദല്‍ മാര്‍ഗങ്ങള്‍
‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ കാലത്താണ് ഇന്ത്യ. എല്ലാ രംഗത്തും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമം. അമേരിക്കയ്ക്ക് ഇന്ത്യന്‍ മത്സ്യം വേണ്ടെങ്കില്‍ ഇന്ത്യക്ക് അമേരിക്കയെയും വേണ്ട എന്നു പറയാനുള്ള ആരോഗ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കായിട്ടില്ലെങ്കിലും, തീരുവക്കുരുക്കില് നിന്നു കരകയറാന്‍ ബദല്‍ മാര്‍ഗങ്ങള്‍ വേണ്ടിവരും.
യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചെമ്മീന്‍, മത്സ്യ കയറ്റുമതി വ്യാപിപ്പിക്കുക.
ആഭ്യന്തര വിപണി വികസിപ്പിക്കാനുള്ള സാധ്യതകള്‍ തേടുക. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ 20,000 കോടിയുടെ ചെമ്മീന്‍ കച്ചവടം നടക്കുന്നുണ്ട്. കേരളത്തിലും സമാനമായ സാധ്യതകളുള്ളത് ഉപയോഗിക്കണം.
മത്സ്യബന്ധന, സംസ്കരണ, വിപണന മേഖലയ്ക്കായി കേന്ദ്രം അടിയന്തരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക.