പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു; 10 മുതൽ പുതിയ നിരക്ക്
Monday, September 1, 2025 3:28 AM IST
പുതുക്കാട്: പാലിയേക്കരയിൽ വീണ്ടും ടോൾനിരക്ക് വർധിപ്പിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചു മുതൽ 15 രൂപ വരെയാണു വർധന.
ഇന്നു പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ഈ മാസം ഒൻപതു വരെ ടോൾപിരിവ് നിർത്തിവച്ചിരിക്കുകയാണ്. 10നു ടോൾപിരിവ് പുനരാരംഭിക്കുന്പോൾ പുതിയ നിരക്ക് നൽകണം. കരാർകന്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനു കൂട്ടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അഥോറിറ്റി അനുമതി നൽകി. പാലിയേക്കരയിൽ എല്ലാവർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾനിരക്ക് പരിഷ്കരിക്കുന്നത്.
കാറുകൾക്ക് ഒരു ഭാഗത്തേക്കുപോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 രൂപയാകും. ദിവസം ഒന്നിൽകൂടുതൽ യാത്രയ്ക്ക് 140 രൂപ എന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യവാഹനങ്ങൾക്കുള്ള ടോൾ അഞ്ചു രൂപ വർധിച്ച് 165 രൂപയായി. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 245 രൂപ. ബസ്, ട്രക്ക് എന്നിവയ്ക്കു പത്തു രൂപ വർധിച്ചു. 330 രൂപയാണു പുതിയ നിരക്ക്. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 495 രൂപയാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.
ദേശീയപാതയിലെ ഗതാഗതപ്രശ്നങ്ങളും കരാർലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടയിലാണ് വീണ്ടും ടോൾ വർധന.
സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഷാജി കോടങ്കണ്ടത്ത്
തൃശൂർ: ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാതെ ടോൾപിരിവ് നടത്തരുതെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ടതാണെന്നും ടോൾവർധനയിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്.
ടോൾപിരിവ് നിർത്തലാക്കാനുള്ള കേസിൽപോലും കരാർ കന്പനിയെ സഹായിക്കുന്ന നിലപാടാണു സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. ജനങ്ങൾ ഗതാഗതക്കുരുക്കിൽ കഷ്ടപ്പെടുന്പോൾ ടോൾനിരക്ക് വർധിപ്പിച്ച നടപടിയിൽ കേന്ദ്ര സർക്കാരിനെയും ദേശീയപാത അഥോറിറ്റിയെയും രേഖാമൂലം സർക്കാർ പ്രതിഷേധം അറിയിക്കണമെന്നും ഷാജി ജെ. കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു.
കോടതി ഉത്തരവില്ലാതെ നിരക്ക് വർധിപ്പിക്കാനാകില്ല: ജോസഫ് ടാജറ്റ്
തൃശൂർ: വർഷാവർഷം സെപ്റ്റംബറിൽ ടോൾനിരക്ക് വർധിപ്പിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ കേസ് പരിഗണനയിലാണെന്നും ഉത്തരവില്ലാതെ നിരക്ക് വർധിപ്പിക്കാനാകില്ലെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
കരാർ നിർമാണപ്രവൃത്തികളും സുരക്ഷാ ഓഡിറ്റിലെ പരിഹാരനിർദേശനിർമാണവും കഴിയാതെ നിരക്കുയർത്തരുതെന്നും പിരിവ് നിർത്തണമെന്നും ആവശ്യപ്പെട്ടാണു ഹർജി നൽകിയത്. പണി പൂർത്തിയാക്കിയില്ലെന്നും റോഡ് സഞ്ചാരയോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടി കളക്ടർ റിപ്പോർട്ട് നൽകിയതോടെയാണു ടോൾപിരിവ് നിർത്തിയ ഉത്തരവ് നീട്ടിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ് എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം ഒൻപതിനു കേസ് പരിഗണിക്കുമെന്നും ടാജറ്റ് പറഞ്ഞു.