ബൈക്ക് ടാങ്കറിനു പിന്നിലിടിച്ച് വീണ ബിടെക് വിദ്യാർഥി ലോറിക്കടിയിൽപ്പെട്ട് മരിച്ചു
Monday, September 1, 2025 2:56 AM IST
കളമശേരി: സീപോർട്ട്-എയർപോർട്ട് റോഡിൽ ടാങ്കർ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് റോഡിൽ വീണ ബിടെക് വിദ്യാർഥി മറ്റൊരു ലോറിക്കടിയിൽപ്പെട്ട് മരിച്ചു.
നോർത്ത് കളമശേരി ഏലൂർ റോഡിൽ സുമാ നിവാസിൽ (ഗോൾഡൻ ഹോട്ടൽ) സുരേഷിന്റെ മകൻ സിദ്ധാർഥൻ (19) ആണു മരിച്ചത്. എസ്സിഎംഎസ് കോളജ് ബിടെക് വിദ്യാർഥിയാണ്.
ഇന്നലെ രാവിലെ എട്ടോടെ പൂജാരി വളവിനു സമീപമായിരുന്നു അപകടം. കളമശേരിയിൽനിന്നു കാക്കനാട് ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിലാണ് ബൈക്കിടിച്ചത്. തുടർന്ന് റോഡിൽ വീണ സിദ്ധാർഥന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: വിനീത, സഹോദരൻ: ആദിത്യ.