ശബരിമലയില്‍ അയ്യപ്പവിഗ്രഹം; പണപ്പിരിവ് നീക്കം തടഞ്ഞു ഹൈക്കോടതി
Friday, July 18, 2025 2:42 AM IST
കൊച്ചി: ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കുന്നതിന് പണപ്പിരിവ് നടത്താനുള്ള നീക്കം തടഞ്ഞു ഹൈക്കോടതി. രണ്ടടി ഉയരവും 108 കിലോഗ്രാം തൂക്കവും വരുന്ന ഒന്‍പതു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പഞ്ചലോഹ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനുള്ള ഈറോഡ് ലോട്ടസ് ആശുപത്രി ചെയര്മാന് ഡോ. ഇ.കെ. സഹദേവന്റെ നടപടിയിലാണു കോടതി ഇടപെടലുണ്ടായത്.
വിഗ്രഹം സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അനുമതി നല്‍കിയെന്നും ഇതിനായി സംഭാവന സ്വീകരിക്കുമെന്നും വ്യക്തമാക്കി ഫോണ്‍ നമ്പറും ക്യൂആര്‍ കോഡും ഇ-മെയില്‍ വിലാസവുമടക്കം രേഖപ്പെടുത്തി ഡോ. സഹദേവന് ലഘുലേഖ പ്രചരിപ്പിക്കുന്നുണ്ട്. ഈ ലഘുലേഖയടക്കം ഹാജരാക്കി ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിഷയം പരിഗണിച്ചത്.
ഇത്തരമൊരു വിഗ്രഹം സ്ഥാപിക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിക്കുന്നത് ആചാര ലംഘനമാകുമെന്നുമാണ് തന്ത്രി അറിയിച്ചത്. വിഗ്രഹം സ്ഥാപിക്കാനോ ഇതിന്റെ പേരില്‍ പണപ്പിരിവ് നടത്താനോ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. ഇതോടെ, വിഗ്രഹം സ്ഥാപിക്കാനോ ധനസമാഹരണത്തിനോ അനുമതി നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി വെര്‍ച്വല്‍ ക്യൂ പ്ലാറ്റ്ഫോമിലൂടെ അറിയിപ്പ് നല്കാന് അടിയന്തര നടപടിക്ക് ദേവസ്വം ബോഡിന് കോടതി നിര്‍ദേശം നല്കി.