വഞ്ചനാ കേസ്: സത്യം അതിജീവിക്കും, നിയമനടപടിയുമായി മുന്നോട്ടെന്ന് നിവിന്‍ പോളി
Friday, July 18, 2025 2:42 AM IST
കൊച്ചി: വഞ്ചനാക്കുറ്റത്തിന് തനിക്കും സംവിധായകന് എബ്രിഡ് ഷൈനുമെതിരേ പോലീസ് കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി നടന് നിവിന്‍ പോളി. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കേസില്‍ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ജൂണ്‍ 28ന് കോടതി ഉത്തരവിട്ടതാണ്.
ഇതു വകവയ്ക്കാതെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു കാര്യങ്ങളെ വളച്ചൊടിക്കുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകും. സത്യം അതിജീവിക്കുമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ നിവിന്‍ പോളി വ്യക്തമാക്കി.
നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലാണു കേസെടുത്തത്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ നിര്‍മാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസില്‍നിന്ന് പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാള്‍ക്കു നല്‍കിയെന്നുമാണ് പരാതി.