ടി.പി വധക്കേസ് പ്രതി കെ.കെ. കൃഷ്ണൻ തടവുശിക്ഷയ്ക്കിടെ ആശുപത്രിയിൽ മരിച്ചു
Friday, July 18, 2025 2:42 AM IST
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്ന പത്താം പ്രതിയും സിപിഎം നേതാവുമായ കെ.കെ. കൃഷ്ണൻ (84) അസുഖത്തെത്തുടർന്നു മരിച്ചു. സംസ്കാരം വടകര ചോന്പാലയിലെ തട്ടോളിക്കരയിലെ വീട്ടുവളപ്പിൽ നടത്തി.
ഹൃദയ സംബന്ധമായ അസുഖത്തിനൊപ്പം ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ഒഞ്ചിയം മുൻ ഏരിയ കമ്മിറ്റിയംഗവുമായിരുന്നു.
ഭാര്യ: യശോദ. മക്കൾ: സുസ്മിത ( കോ-ഓപ്പ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരി, വടകര), സുമേഷ് (അസി. മാനേജർ കെഎസ്എഫ്ഇ, വടകര), സുജീഷ് (സോഫ്റ്റ്വേർ എൻജിനിയർ). മരുമക്കൾ: പി.പി. മനോജൻ (കേരള ബാങ്ക്, നാദാപുരം), രനിഷ , പ്രിയ. സഹോദരങ്ങൾ: മാത, പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു,ഗോപാലൻ, കണാരൻ.