ഉമ്മന്‍ ചാണ്ടിയുടെ ദീപ്തസ്മരണയ്ക്ക് ഇന്ന് രണ്ടാം വാര്‍ഷികം
Friday, July 18, 2025 2:42 AM IST
കോട്ടയം: ഉദാത്തവും മാതൃകാപരവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ തലമുറകളുടെ മനസുകളില്‍ ആരാധ്യനായി നിലകൊണ്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് ഇന്ന് രണ്ട് വര്‍ഷം.
ജനനായകന് അന്ത്യനിദ്രയുറങ്ങുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഇന്ന് രാവിലെ മുതല്‍ അനുയായികളുടെയും ആരാധകരുടെയും അണമുറിയാത്ത പ്രവാഹമുണ്ടാകും. അര നൂറ്റാണ്ട് ഉമ്മന്‍ ചാണ്ടി നേതാവായി നിലകൊണ്ട പുതുപ്പള്ളിയില്‍ രാഷ്ട്രീയ സാമുദായ രംഗത്തെ മുന്നിരയുള്പ്പെടെ പതിനയ്യായിരം പേര് സംഗമിക്കും.
കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചരമവാര്‍ഷിക അനുസ്മരണത്തിനു മുന്നോടിയായി രാവിലെ 6.30നു സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രഭാതനമസ്കാരം, ഏഴിന് വിശുദ്ധ കുര്‍ബാന, 8.15ന് കബറിടത്തിൽ പ്രാര്‍ഥന. പള്ളി മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ രാവിലെ ഒമ്പതിനു പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണയോഗം ലോകസഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഇന്നലെ വൈകുന്നേരം കുമരകം ടാജ് ഹോട്ടലില്‍ എത്തിയ രാഹുല്‍ ഗാന്ധി കോട്ടയം വഴി റോഡ് മാര്‍ഗം പുതുപ്പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം അനുസ്മരണസമ്മേളനത്തില്‍ പങ്കെടുക്കും.
ചടങ്ങില്‍ യുഡിഎഫ് നേതാക്കന്മാരും മതമേലധ്യക്ഷന്മാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതിതരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ദാനവും ലഹരിക്കെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന മീനടം സ്പോര്‍ട്സ് ടറഫിന്റെ നിര്‍മാണ ഉദ്ഘാടനവും നടക്കും.