ഷിരൂർ ദുരന്തത്തിന് ഒരു വർഷം
Thursday, July 17, 2025 2:02 AM IST
കാസര്‍ഗോഡ്: ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലേക്കു മലയിടിഞ്ഞുവീണ് മലയാളി ഡ്രൈവര്‍ അര്ജുന് ഉള്‍പ്പെടെ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോൾ അത് കേരളത്തിലെ ദേശീയപാത നിർമാണത്തിനും ഓർമപ്പെടുത്തലായി മാറുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് പുലര്‍ച്ചെയാണു പെട്ടെന്ന് ഉരുള്പൊട്ടിയതുപോലെ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് ദേശീയപാതയിലേക്കു വീഴുകയും പാതയുടെ ഒരു ഭാഗവും അതിലെ വാഹനങ്ങളും പാതയോരത്തെ കെട്ടിടങ്ങളുമടക്കം വലിച്ചിഴച്ച് താഴെയുള്ള ഗംഗാവലി പുഴയിലേക്കു പതിക്കുകയും ചെയ്തത്.
ഭാരമേറിയ ലോറികളെപ്പോലും നിമിഷനേരംകൊണ്ട് പുഴയുടെ അടിത്തട്ടിലേക്കു വലിച്ചെറിയാന്‍ പ്രാപ്തമായിരുന്ന മലിയിടിച്ചിലിന്റെ വ്യാപ്തി പുറംലോകത്തുള്ളവര്ക്കു മനസിലാകാന്തന്നെ ദിവസങ്ങളെടുത്തു. കിലോമീറ്ററുകളോളം ദൂരം പുഴയിലൂടെ ഒഴുകി നടന്ന ഓയില്‍ ടാങ്കര്‍ ലോറി അതിന്റെ ആദ്യ അടയാളങ്ങളിലൊന്നായിരുന്നു.
പാതയോരത്തെ ഹോട്ടലുടമ ലക്ഷ്മണ് നായിക്കും ഭാര്യയും കുട്ടികളും തമിഴ്നാട്ടുകാരായ ലോറി ഡ്രൈവര്‍മാരും നാട്ടുകാരുമടക്കം എട്ടുപേരുടെ മൃതദേഹങ്ങള്‍ ആദ്യദിനങ്ങളില്‍ത്തന്നെ കണ്ടെടുത്തു. 72 ദിവസത്തിനുശേഷമാണ് അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്. നാട്ടുകാരായ ജഗന്നാഥും ലോകേഷും ഇപ്പോഴും ഉരുള്പൊട്ടിയമര്ന്ന മണ്ണിനടിയിലോ ഗംഗാവലിയുടെ കാണാക്കയങ്ങളിലോ മറഞ്ഞുകിടക്കുന്നു.
ഷിരൂരില്‍ ദുരന്തത്തിന്റെ അടയാളങ്ങളിലേറെയും മാഞ്ഞ് ദേശീയപാതയിലെ ഗതാഗതം പഴയപടിയായെങ്കിലും കേരളത്തിലെ ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണിടിച്ചിലുകള്‍ ഉണ്ടാകുമ്പോഴെല്ലാം ഷിരൂരിന്റെ പാഠങ്ങൾ പലതവണ ഉയര്‍ന്നുകേട്ടു. കുത്തനേ മലയിടിച്ചാണു ഷിരൂരില്‍ ദേശീയപാതയുടെ നിര്‍മാണം നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതേ രീതിയില്‍ മലയിടിച്ച് നടത്തിയ ദേശീയപാത നിര്‍മാണം പലതവണ ചോദ്യം ചെയ്യപ്പെട്ടു.