ഓർമത്താളുകളിൽ ഉമ്മൻ ചാണ്ടി
Friday, July 18, 2025 2:42 AM IST
കോട്ടയം: ജനമനസുകളില്‍ ഉമ്മന്‍ ചാണ്ടിക്കു മരണമില്ല. ഇന്നലെ രാത്രിയിലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ തിരിനാളങ്ങളും പുഷ്പചക്രങ്ങളും കൂപ്പുകരങ്ങളുമായി ആളൊഴുക്കുണ്ടായിരുന്നു.
അവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല, ആ മനുഷ്യസ്നേഹിയില്നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ടായിരുന്നു. കിടപ്പാടം വാങ്ങാനും വീടു വയ്ക്കാനും ചികിത്സിക്കാനും പഠിക്കാനും പഠിപ്പിക്കാനും ഉമ്മന്‍ ചാണ്ടി നിമിത്തമായ പാവങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായി പലരുണ്ടായിരുന്നു.
അര നൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ജനങ്ങള്‍ക്കു നടുവില്‍ ശിരസുയർത്തി നിലകൊണ്ട കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി. എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രിപദവിയിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃപദവിയിലും എത്തിയപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിനും അനുയായികള്‍ക്കും നടുവിലായിരുന്നു ജീവിതം.
ചെറിയവരെ വലിയവനായി കാണാനുള്ള വിശാലമനസും, വിഷമിക്കുന്നവരെ അറിഞ്ഞു സഹായിക്കാനുള്ള നിസ്വാര്‍ഥതയും, ആവലാതികളുമായി വരുന്നവര്‍ രാഷ്ട്രീയ എതിരാളികളായാലും അവരോടു സഹവര്‍ത്തിത്വം കാണിക്കാനുള്ള മനസിന്റെ തുറവി അപാരമായിരുന്നു.
ഒരാളുടെ മരണം കാലത്തെയും ലോകത്തെയും അടയാളപ്പെടുത്തുമെന്നത് എത്രയോ ശരി. രണ്ടു വര്‍ഷം മുന്‍പ് ഖദറുടുപ്പിനു മുകളില്‍ കോണ്‍ഗ്രസ് കൊടിയിലെ കൈപ്പത്തി നെഞ്ചോടു ചേര്‍ത്ത് നിശ്ചലനായി കിടന്ന ആരാധ്യനേതാവ്. ആ ഭൗതികശീരം അനന്തപുരിയില്‍നിന്നു കോട്ടയം വരെയെത്തിക്കാന്‍ രണ്ടു പകല്‍ വേണ്ടിവന്നു.
കോട്ടയത്തുനിന്നു പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്രയില്‍ റോഡ് നിറഞ്ഞുനടന്ന ജനാരവത്തിനു നടുവിലൂടെയാണ് ആ മഞ്ചല് മെല്ലെ നീങ്ങിയത്. അതെ, ഉമ്മന്‍ ചാണ്ടി ഇന്നും ജീവിക്കുന്നു, അനേകരുടെ ഓര്‍മത്താളുകളില്‍.