വാർഡ് വിഭജനം: അന്തിമ വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ
Thursday, July 17, 2025 2:02 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപന വാർഡ് വിഭജനം പൂർത്തിയാക്കിയ അന്തിമ വിജ്ഞാപനത്തിന്റെ കോപ്പിയോ പുതിയ വാർഡുകളുടെ ഡിജിറ്റൽ മാപ്പോ ഇതുവരെ ഒരു തദ്ദേശ സ്ഥാപന സെക്രട്ടിയും നൽകിയിട്ടില്ലെന്ന വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വോട്ടർ പട്ടികയുടെ പകർപ്പും അനുബന്ധ രേഖകളും ഭരണകക്ഷിയിൽപ്പെട്ടവർക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ചോർത്തിക്കൊടുക്കുന്നു. ഇതു കമ്മീഷന്റെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും ബാധിക്കുന്ന വിഷയമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ അന്വേഷണം വേണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രതിപക്ഷ നേതാവ് നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പട്ടു. യുഡിഎഫിന്റെ നിവേദനവും കമ്മീഷനു കൈമാറി.
തദ്ദേശ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിലെ ഗുരുതര അപാകതകളും മാർഗരേഖയുടെ ലംഘനവും തിരുത്തണം. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിൽ തുല്യ ജനസംഖ്യ ഉറപ്പാക്കണം. അനധികൃത വീടുകൾ കൂടി ജനസംഖ്യ തിട്ടപ്പെടുത്താൻ കണക്കിലെടുക്കണം. ആൾ താമസമില്ലാത്ത ഫ്ളാറ്റുകളും വീടുകളും ജനസംഖ്യ നിർണയിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശവും കമ്മീഷൻ പരിഗണിച്ചില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും കമ്മീഷൻ പരിഗണിച്ചില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്താൻ പോളിംഗ് സ്റ്റേഷനുകളുടെ കാര്യത്തിൽ പ്രായോഗിക സമീപനം വേണം. പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ 1300 വോട്ടർമാരെന്നത് 1100 ആയും നഗരസഭകളിൽ 1600 എന്നത് 1300 ആയും നിജപ്പെടുത്തണം. ഒരു വോട്ട് മാത്രം ചെയ്യേണ്ട നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പോലും ഒരു ബൂത്തിൽ ഇത്രയും വോട്ടർമാർ ഉണ്ടാകില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്ന് വോട്ട് ചെയ്യേണ്ടി വരുന്പോൾ 1300, 1600 വോട്ടർമാർ ഒരു ബൂത്തിൽ വരുന്നത് പോളിംഗിൽ പ്രതിസന്ധി ഉണ്ടാക്കും. നിരവധി വാർഡുകളിൽ ഡീലിമിറ്റേഷനു ശേഷവും പോളിംഗ് സ്റ്റേഷനിൽ എത്താൻ നിർദ്ദിഷ്ട രണ്ടു കിലോമീറ്ററിന്റെ സ്ഥാനത്ത് എട്ടിലധികം കിലോമീറ്റർ വോട്ടർമാർ യാത്ര ചെയ്യേണ്ടി വരുന്നു. ഇത്തരം വാർഡുകളിൽ ജനസംഖ്യ പരിഗണിക്കാതെ ഒന്നിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തണം.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തദ്ദേശ പോളിംഗ് ബൂത്തുകളുടെ കാര്യത്തിൽ അടിയന്തര പുനഃപരിശോധനയും തീരുമാനവും ഉണ്ടാകണം. യുഡിഎഫ് സെക്രട്ടറി സി.പി. ജോണും ഒപ്പമുണ്ടായിരുന്നു.