വിസി വിലക്കിയ കാറിൽ രജിസ്ട്രാർ കേരളയിൽ
Thursday, July 17, 2025 2:03 AM IST
തിരുവനന്തപുരം: സർവകലാശാലയുടെ വാഹനം ഉപയോഗിക്കരുതെന്ന വൈസ് ചാൻസലറുടെ നിർദേശം മറികടന്ന് കേരളാ സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഇന്നലെ സർവകലാശാലയിൽ എത്തിയത് ഒൗദ്യോഗിക വാഹനത്തിൽ.
ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്യുകയും സർവകലാശാലയിൽ പ്രവേശിക്കരുതെന്ന നിർദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ നിയമനാധികാരി വിസി അല്ലെന്നും സിൻഡിക്കേറ്റാണെന്നും സിൻഡിക്കേറ്റിനു മാത്രമേ തനിക്കെതിരേ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നുമായിരുന്നു രജിസ്ട്രാറുടെ നിലപാട്.
വിസി സസ്പെൻഡ് ചെയ്തതിന്റെ പിറ്റേദിനവും പതിവുപോലെ രജിസ്ട്രാർ സർവകലാശാലയിൽ എത്തി. ഇതോടെ ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായി. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച്ച രജിസ്ട്രാറുടെ വാഹനം പിടിച്ചെടുക്കണമെന്നും താക്കോൽ വാങ്ങണമെന്നും വൈസ് ചാൻസലർ സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നല്‍കിയത്.
കാർ ഗ്യാരേജിൽ സൂക്ഷിക്കാനും വാഹനത്തിന്റെ താക്കോൽ മിനി കാപ്പന് നൽകാനുമായിരുന്നു സെക്യൂരിറ്റി ഓഫീസറോട് ഉത്തരവ്. എന്നാൽ ആ നിർദേശവും നടപ്പായില്ല. അനിൽകുമാർ ഇന്നലെയും ഔദ്യോഗിക വാഹനത്തിൽ തന്നെയാണ് സർവകലാശാലയിൽ ജോലിക്കെത്തിയത്. തനിക്ക് സ്വന്തം വാഹനമില്ലെന്നും സർവകലാശാല നൽകുന്ന വാഹനത്തിലേ ജോലിക്കെത്താൻ കഴിയൂ എന്നു വ്യക്തമാക്കി.
നേരത്തേ റജിസ്ട്രാർ നോക്കേണ്ട ഫയലുകൾ അനിൽകുമാറിനു നല്‍കേണ്ടെന്നും വിസി നിർദേശം നല്‍കിയിരുന്നു. എന്നാൽ അതും നടപ്പായില്ല. ഇതിനു പിന്നാലെ ഇന്നലെ നടന്ന ഓണ്‍ലൈൻ യോഗത്തിൽ നിന്ന് രജസ്ട്രാറെ വിസി ഒഴിവാക്കി.
വിദേശ വിദ്യാർഥികളുടെ പഠനം സംബന്ധിച്ചുള്ള ഓണ്‍ലൈൻ യോഗത്തിൽ രജിസ്ട്രാറെ പങ്കെടുപ്പിച്ചില്ല. രജിസ്ട്രാർക്കുപകരം മിനി കാപ്പനെയാണ് യോഗത്തിൽ വൈസ് ചാൻസലർ പങ്കെടുപ്പിച്ചത്.