50 പ്ലസ് കാമ്പയിൻ; കുടുംബശ്രീ 50 ലക്ഷം കുടുംബങ്ങളിലേക്ക്
Friday, July 18, 2025 2:42 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: കുടുംബശ്രീ 50 പ്ലസ് കാമ്പയിനിലൂടെ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നു. നിലവില്‍ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളത്. നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയല്‍ക്കൂട്ടങ്ങളെ തിരികെ കൊണ്ടുവരുക, ഇതുവരെ അയല്‍ക്കൂട്ടങ്ങളില്‍ അംഗമല്ലാത്ത കുടുംബങ്ങളെ ചേര്‍ക്കുക, പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് 50 പ്ലസ് കാമ്പയിനിന്റെ ലക്ഷ്യം.
എഡിഎസുകളുടെ നേതൃത്വത്തിലാണു കാമ്പയിന് നടക്കുന്നത്. 941 സിഡിഎസ് കുടുംബങ്ങള്‍ ഉള്‍പ്പെടെ 1070 സിഡിഎസുകളാണ് കുടുംബശ്രീയിലുള്ളത്. 50 പ്ലസ് കാമ്പയിനില്‍ പുതിയ അയല്‍ക്കൂട്ട രൂപീകരണത്തിനായി അധികൃതര്‍ യോഗം ചേര്‍ന്ന് ഈ മേഖലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യണം.
അയല്‍ക്കൂട്ടങ്ങള്‍ ഗണ്യമായി കുറവുള്ള തീരദേശ മേഖല, ആദിവാസി മേഖല, ഭാഷാന്യൂനപക്ഷമായ തമിഴ്, കന്നഡ മേഖലകള്‍, അയല്‍ക്കൂട്ടങ്ങള്‍ കുറവുള്ള സിഡിഎസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദേശം നല്കി. ഇതിനായി കന്നഡ മെന്റര്‍മാര്‍, ട്രൈബല്‍ ആനിമേറ്റര്‍, സ്പെഷല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, കോസ്റ്റല്‍ വോളണ്ടിയര്‍ തുടങ്ങിയവരുടെ സഹായം തേടണം.
കാമ്പയിനിന്റെ ഭാഗമായി ഇതുവരെ അയല്‍ക്കൂട്ടത്തില്‍ അംഗത്വമെടുക്കാത്തവരുടെയും കൊഴിഞ്ഞുപോയ അംഗങ്ങളുടെയും വീടുകള്‍ എഡിഎസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് കുടുംബശ്രീയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും 50 പ്ലസ് കാമ്പയിന് തുടക്കമായിട്ടുണ്ട്. ഈ മാസം 25നകം കാമ്പയിന് പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.