പടിപടിയായി മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍; തുടക്കം കള്ളില്‍
Friday, July 18, 2025 2:42 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: എതിര്‍പ്പുകള്‍ക്കിടയിലും സംസ്ഥാനത്ത് പടിപടിയായി മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍. അതിന്റെ ഭാഗമായി കള്ള് വ്യവസായ വികസന ബോര്‍ഡ് സമര്‍പ്പിച്ച ഒന്നാംഘട്ട പദ്ധതിയിലെ അഞ്ചു നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
കള്ളുഷാപ്പുകള്‍ക്കു സ്റ്റാര്‍ പദവി നല്കി അവയുടെ നിലവാരം ഉയര്‍ത്തുക, കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ സ്റ്റാര്‍ പദവിയുള്ള ടോഡി പാര്‍ലറുകള്‍ ആരംഭിക്കുക, കേരളത്തിലെ എല്ലാ കള്ളുഷാപ്പുകളെയും പൊതു ബ്രാന്‍ഡിനു കീഴിലാക്കുക, നിശ്ചിത പദവിക്കനുസരിച്ച് ഏകീകൃത ഡിസൈന്‍ നല്‍കുക,‘കേരള ടോഡി’ ബ്രാന്‍ഡില്‍ ബോട്ടിലിംഗ് ആരംഭിക്കുക, അധികമായി വരുന്ന കള്ള് കുടുംബശ്രീയുമായി ചേര്‍ന്ന് മൂല്യവര്‍ധിത ഉത്പന്നമായ വിനാഗിരി നിര്‍മിച്ച് ‘കുടുംബശ്രീ-റ്റോഡി ബോര്‍ഡ്’ സംയുക്ത ബ്രാന്‍ഡില്‍ വിപണനം ചെയ്യുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനാണു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
പുതിയ മദ്യനയത്തിന്റെ ഭാഗമായി വരുംഘട്ടങ്ങളില്‍ സംസ്ഥാനത്തിനകത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഉത്പാദനവും വില്പനയും വര്‍ധിപ്പിക്കല്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമ ഭേദഗതി എന്നിവയ്ക്കൊപ്പം കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്.
കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള വിശദമായ പദ്ധതി തയാറാക്കുന്നതിനായി രൂപവത്കരിച്ച ഉപസമിതി 15ലധികം പദ്ധതികള്‍ കള്ള് വ്യവസായ വികസന ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഇതു പ്രകാരം ഒന്നാംഘട്ട പദ്ധതി റിപ്പോര്‍ട്ട് ബോര്‍ഡ് ചെയര്മാന് യു.പി. ജോസഫ് 2024ല്‍ എക്സൈസ് മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ 15 പദ്ധതികള്‍ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാനാണു ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ലഹരിവിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാര്‍ വിവിധ മതമേലധ്യക്ഷന്മാരുടെ പിന്തുണ തേടുന്നതിനിടെയാണു പുതിയ മദ്യനയത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഡ്രൈ ഡേകളില്‍ പ്രത്യേക ലൈസന്‍സ് ഫീസ് ഈടാക്കി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്നതാണ് 2025-26 സാമ്പത്തികവര്‍ഷത്തെ മദ്യനയം. മദ്യവ്യവസായികള്‍ ഉന്നയിച്ച ഏകദേശം എല്ലാ ആവശ്യങ്ങളും നിരുപാധികം അംഗീകരിച്ചുകൊണ്ടുള്ളതാണ് പുതിയ മദ്യനയമെന്ന ആരോപണത്തിനു ബലം പകരുന്നതാണ് പല നിര്‍ദേശങ്ങളും.
പുതിയ ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, ഡിസ്റ്റിലറികള്‍, ബിയര്‍-വൈന്‍ നിർമാണ യൂണിറ്റുകള്‍ എന്നിവ ആരംഭിക്കും.
പൂട്ടിക്കിടക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകളും കണ്‍സ്യുമര്‍ ഫെഡ് മദ്യശാലകളും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മദ്യനയത്തില്‍ പറയുന്നു.