ദീപിക ബാലസഖ്യം
Thursday, July 17, 2025 2:02 AM IST
കൊച്ചേട്ടന്റെ കത്ത്
ഇനിയും വിടരും, ഇവിടെ ഒരായിരം റോസാപ്പൂക്കൾ
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
അലൻസോണിൽനിന്നും ലിസ്യു എന്ന ഗ്രാമത്തിലേക്കുള്ള യാത്രയിൽ, മനസിൽ റോസാപ്പൂവിതളുകളുടെ സുഗന്ധമാരി പെയ്യുകയായിരുന്നു. എന്റെ പ്രിയ സഹപാഠിയും ഫ്രാൻസിൽ മിഷനറി വൈദികനുമായ ചാക്കോ തലക്കോട്ടൂർ സിഎംഐ അച്ചൻ, കാർ നല്ല വേഗത്തിൽ ഓടിക്കുന്നുണ്ട്. എങ്കിലും എന്റെ മനസ് നേരത്തെതന്നെ ലിസ്യുവിലെത്തിയിരുന്നു. അവിടെ ലിറ്റിൽ ഫ്ളവർ എന്ന വിശുദ്ധ കൊച്ചുത്രേസ്യാ ഓടിനടന്ന വീടും മുറ്റവും പൂന്തോട്ടവും അവൾ അംഗമായി ചേർന്ന കർമ്മല മഠവും അവൾ പ്രാർത്ഥിച്ചിരുന്ന ദേവാലയവും എല്ലാം കാണാനുള്ള ഒരു പ്രത്യേകമായ ഔത്സുക്യമായിരുന്നു മനസു നിറയെ!
ദൈവപുത്രനായ യേശുവിനെ കളിക്കൂട്ടുകാരനാക്കി, സ്വയം ഒരു കളിപ്പന്തുപോലെ യേശുവിന്റെ കരങ്ങളിൽ എറിഞ്ഞുകൊടുത്ത്, ദൈവ-മനുഷ്യ ബന്ധത്തിന്റെ ഇന്നോളമുണ്ടാകാത്ത അകളങ്കവുംഅനന്യവുമായ ഹൃദയഭാവങ്ങളുടെ അക്ഷരാഖ്യാനമായ "നവമാലിക' എന്ന ബെസ്റ്റ് സെല്ലറായ ആത്മകഥ, അവൾ 15-ാം വയസിൽ എഴുതിത്തുടങ്ങി എന്നറിഞ്ഞപ്പോൾമുതൽ അവളുടെ വീടും വിശുദ്ധരായ മാതാപിതാക്കളുമെല്ലാം എന്റെ ജീവിതത്തിന്റെയും ഭാഗമായിരുന്നു.
നാലു വയസുമുതൽ ചെറുപുഷ്പം ജീവിച്ച ലിസ്യുവിലെ വീടും പറന്പും ഇന്നും പനിനീർപ്പൂക്കൾ നിറഞ്ഞ്, പരിമള പൂരിതമാണ്. തന്റെ മാതാപിതാക്കളോട് ഒരിക്കലും ഒരുവാക്കുപോലും എതിരുപറയാതെ, സാധിക്കുന്ന എല്ലാ സേവനങ്ങളും വീട്ടിലും സഹോദരങ്ങൾക്കും നൽകി, തന്റെ പെരുമാറ്റത്തിൽ വരുന്ന ചെറിയ പിഴവുകൾക്കുപോലും മാതാപിതാക്കളോടും സഹോദരങ്ങളോടും നിരന്തരം മാപ്പുപറഞ്ഞ്, എല്ലാവർക്കുംവേണ്ടി, എപ്പോഴും ത്യാഗം ചെയ്ത് പ്രാർത്ഥിച്ച്, ഹൃദയത്തിലും ശരീരത്തിലും പരിശുദ്ധി പാലിച്ച് ദൈവത്തിനു സന്പൂർണമായി ജീവിതം സമർപ്പിച്ച ഒരു കുഞ്ഞു ബാലിക. അവളാണ് ലിറ്റിൽ ഫ്ളവർ എന്ന പേരിൽ ലോകത്തിന്റെ സ്നേഹഭാജനമായിരിക്കുന്നത്.
ഏതു മതസ്ഥരായ വിദ്യാർഥികൾക്കും അവരവരുടെ ദൈവബോധത്തിൽ അടിയുറച്ചു വളരാനും സ്വന്തം മാതാപിതാക്കളുടെ മനസിനെ ഒരിക്കലും മുറിപ്പെടുത്താതെ, അറിവു പകരുന്ന അധ്യാപകരെ സദാ ആദരിച്ചും കളിക്കൂട്ടുകാരെ എപ്പോഴും സ്നേഹിച്ചും വളരാൻ കൊതിപ്പിക്കുന്ന ഈ ലിറ്റിൽ ഫ്ളവർ മാതൃകയാണ്. ഇവളുടെ ആത്മകഥയായ നവമാലിക കൂട്ടുകാർ ഒന്നു വായിച്ചുനോക്കിക്കേ, ആരുടേയും ഹൃദയം ത്രസിക്കും. കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകും.
ദൈവവിശ്വാസം ലഹരിയാക്കി, മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള സത്യസന്ധതയും നിഷ്കളങ്കതയും ജീവിത വിശുദ്ധിയും ലഹരിയാക്കി, ലോകത്തിൽ ഏറ്റവുമധികം ഹൃദയങ്ങളെ സന്മാർഗത്തിലൂടെ സ്വർഗ്ഗാത്മകമായി സ്വാധീനിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യ എന്ന ലിറ്റിൽ ഫ്ളവറിന്റെ ജീവിതം എല്ലാ വിദ്യാർഥികൾക്കും, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രാസലഹരിയുടെയും തീമഴപ്പെയ്ത്തിൽനിന്നു രക്ഷപ്പെടുവാനും ലോകത്തിന് അനുഗ്രഹമായി വളരാനും സഹായിക്കുമെന്നതിൽ സംശയമില്ല.
വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കൾ ലൂയി മാർട്ടിനും സെലിഗ്വിരിനും എല്ലാ മാതാപിതാക്കൾക്കും മാതൃകയായ വിശുദ്ധരാണ്. അതിനാൽ, ഈ വിശുദ്ധിയുടെ പരിമളം പടരുന്ന ചെറുപുഷ്പങ്ങൾ എല്ലാ കൂട്ടുകാരുടെയും ഉള്ളിൽ വിടരട്ടെ! അവളുടെ ചിത്രങ്ങൾ കാണുന്പോൾ, അവളെ സ്നേഹിക്കാനുള്ള പ്രചോദനമുണരട്ടെ.
അടുത്തറിയുന്പോൾ അധികം സ്നേഹിക്കാൻ കൊതിപ്പിക്കുന്ന നന്മനിറഞ്ഞ ജീവിതങ്ങളാകാൻ എല്ലാ കൂട്ടുകാർക്കും അനുഗ്രഹമുണ്ടാകട്ടെ.
സ്നേഹപൂർവം സ്വന്തം കൊച്ചേട്ടൻ
കുട്ടിത്താരങ്ങളുടെ സംഗമ വേദിയായി സ്റ്റാർ ഫെസ്റ്റ്
താമരശേരി: ദീപിക ബാലസഖ്യം കോഴിക്കോട് പ്രവിശ്യയിൽ മേഖലാതല ലീഡർഷിപ്പ് ട്രെയിനിങ്ങ് സ്റ്റാർ ഫെസ്റ്റ് 2K25ന് തുടക്കമായി. തിരുവമ്പാടി മേഖലയുടെ പ്രോഗ്രാം സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടന്നു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു.
മേഖല ഓർഗനൈസർ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുനിൽ പോൾ, മേഖല ഓർഗനൈസർമാരായ സിസ്റ്റർ ജോൺസി, സെബിൻ സണ്ണി എന്നിവർ സംസാരിച്ചു.
മേഖലാ ഭാരവാഹികൾ: ഭാരവാഹികൾ: ലീഡർ - ഡിയോൾസ് (തിരുവമ്പാടി ഇൻഫന്റ് ജീസസ് എച്ച്എസ്), ഡെപ്യൂട്ടി ലീഡർ: ദിയ മരിയ ഷാജു (മുക്കം പള്ളോട്ടിഹിൽ എച്ച്എസ്), ജനറൽ സെക്രട്ടറിമാർ- അർജുൻ രാജീവ് (തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ്), റബേക്ക (വേനപ്പാറ ഹോളി ഫാമിലി എച്ച്എസ്), പ്രൊജക്റ്റ് സെക്രട്ടറി: അലോഷ് പോൾസൺ (വെറ്റിലപ്പാറ ഹോളി ക്രോസ് എച്ച്എസ്), ട്രഷറര്: അൽഗ റീത്ത ജിജോ (കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്), കൗൺസിലർമാർ: ഐവിൻ റോബിൻ (പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്), അനിറ്റ റോജൻ (തോട്ടുമുക്കം സെന്റ് തോമസ് എച്ച്എസ്).
ആനക്കല്ല് സെന്റ് ആന്റണീസിൽ പ്രവർത്തനവർഷത്തിന്റെയും ‘കിക്ക് ഔട്ടി’ന്റെയും ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ ദീപിക ബാലസഖ്യം പ്രവർത്തനവർഷത്തിന്റെയും കിക്ക് ഔട്ട് ആന്റി ഡ്രഗ്സ് കാന്പയിന്റെയും ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെയും ഉദ്ഘാടനം 22-ന് നടക്കും.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കാഞ്ഞിപ്പള്ളി രൂപതാ വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം നിർവഹിക്കും. ദീപിക ബാലസഖ്യം ദേശീയ കോർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ ആമുഖ പ്രഭാഷണം നടത്തും.
ഡിസിൽ ശഖാ ഡയറക്ടർ റെനി ഡിക്രൂസ് സ്വാഗതം ആശംസിക്കും. ഡിസിഎൽ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും അന്നേ ദിവസം നടത്തും. ലഹരിക്കെതിരെയുള്ള വിപുലമായ പ്രവർത്തന പരിപാടിക്ക് സമ്മേളനത്തിൽ തുടക്കം കുറിക്കും.